ആ പേരു കേട്ട സംഗീതസംവിധായകന്‍ വിട്ടു വീഴ്ച ചെയ്യണമെന്നാവശ്യപ്പെട്ടു; ഇങ്ങനെ ചില കടമ്പകള്‍ കൂടി കടന്നാലേ ഗായികയാകൂ എങ്കില്‍ എനിക്ക് ആ അവസരം വേണ്ടായിരുന്നു; മഞ്ജുവാണി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജുവാണി. നടി എന്നതിനേക്കാളുപരി ഒരു ഗായിക കൂടിയാണ് മഞ്ജു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ കലാജീവിതത്തെക്കുറിച്ചു മനസ്സു തുറക്കുകയാണ് മഞ്ജുവാണി.

‘ഒരു വ്യക്തി എന്ന നിലയില്‍ എന്നോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതു സംഗീതമാണ്. ചിട്ടയായ സംഗീത പഠനം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എത്രയോ വേദികള്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ അംഗീകാരങ്ങള്‍. അതായിരുന്നു ആ യാത്ര. നേട്ടങ്ങള്‍ സ്വന്തമാക്കിയുള്ള യാത്രയില്‍ പിന്നണി ഗായികയെന്ന സ്വപ്നം മനസ്സിലിട്ട് നടന്നു. അപ്രതീക്ഷിതമെങ്കിലും വലിയൊരു അവസരം എന്നെ തേടി വന്നു.

പി.കെ.ഗോപി സാറിന്റെ ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകാനുള്ള അവസരം ആദ്യമായി എന്നെത്തേടിയെത്തിയത്. ഒരേ ഗാനം രണ്ടു തവണ പാടി, രണ്ടു തവണയും നന്നായി ചെയ്തു. പക്ഷേ ചില കോംപ്രമൈസുകള്‍ ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നു. പേരു കേട്ടൊരു സംഗീതസംവിധായകന്‍. അദ്ദേഹത്തിന്റെ സമീപനം ശരിയല്ലായിരുന്നു.

സംഗീതത്തില്‍ നിന്നു തന്നെ അകന്നു പോകുന്ന സാഹചര്യമുണ്ടായി. പാട്ട് ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി. മോശം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവന്നു. അച്ഛനാണ് ആ നിമിഷങ്ങളില്‍ കൈപിടിച്ചു കയറ്റിയത്. ഏത് ആപത്ഘട്ടത്തിലും നമ്മെ ൈകപിടിക്കാന്‍ ഈശ്വരന്‍ ഉണ്ടാകും എന്നു പറയാറില്ലേ.

എന്റെ ഈശ്വരന്‍ അച്ഛനാണ്. ആ സംഗീതസംവിധായകന്റെ മോശം സമീപനത്തില്‍ നിന്നും അച്ഛന്‍ എന്നെ കൈപിടിച്ചു കയറ്റി. ഇങ്ങനെ ചില കടമ്പകള്‍ കൂടി കടന്നാലേ ഗായികയാകൂ എന്നായിരുന്നു എങ്കില്‍ എനിക്ക് ആ അവസരം വേണ്ടായിരുന്നു’, എന്നും മഞ്ജുവാണി പറഞ്ഞു. വളരെപ്പെട്ടെന്നാണ് മഞ്ജുവിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുന്നത്.

Vijayasree Vijayasree :