പുത്തന്‍ വീട്ടിലേയ്ക്ക് വലതുകാല്‍ വെച്ച് കയറി മഞ്ജു പിള്ള; സോഷ്യല്‍ മീഡിയയില്‍ വൈറലായി പാലുകാച്ചല്‍

മിനി സ്‌ക്രീന്‍- ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. തട്ടീം മുട്ടീം സീരിയലിലൂടെ ഇപ്പോഴും സ്‌ക്രീനില്‍ ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുന്ന നടിയാണ് മഞ്ജു. മിനിസ്‌ക്രീന്‍ എന്നുമാത്രമല്ല, ബിഗ്‌സ്‌ക്രീനിലും കരുതുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നതും.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. അടുത്തിടെ താരം നടത്തിയ മേക്കോവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച പുതുപുത്തന്‍ വീഡിയോയാണ് വൈറലാകുന്നത്.

പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു പിള്ള. മകളും അമ്മയും ഉള്‍പ്പെടുന്ന അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു പാലുകാച്ചല്‍. വിളക്കുകൊളുത്തി പാല് കാച്ചിയാണ് തുടക്കം. വീടിന്റെ സ്വീകരണ മുറിയില്‍ മഞ്ജുവും മകളും ഉള്‍പ്പെടുന്ന ഒരു വലിയ കളര്‍ ചിത്രം ഫ്രയിം ചെയ്ത് വെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

വീട്ടിലേക്കു വരുന്ന അതിഥികളെ സ്വീകരിക്കുക ഈ ചിത്രമാണ്. സെറ്റ് സാരിയില്‍ മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായിട്ടാണ് മഞ്ജു പിള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ജു വലതുകാല്‍ വെച്ച് വിളക്കുമായി വീട്ടിലേക്ക് പ്രവേശിക്കുന്നതും മകള്‍ അമ്മയെ കെട്ടിപിടിച്ചുമ്മ വയ്ക്കുന്നതും മകള്‍ക്ക് കാച്ചിയ പാല്‍ ‘അമ്മ തന്നെ കോരി കൊടുക്കുന്നതും ഉള്‍പ്പെടെ മനോഹര ദൃശ്യങ്ങളാണ് മഞ്ജു പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്.

വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. എല്ലാവരും തിരക്കുന്നത് മഞ്ജുവിന്റെ ഭര്‍ത്താവ് സുജിത്ത് എവിടെ എന്നാണ്. വളരെ പ്രധാനപ്പെട്ട ഒരു പരിപാടി കുടുംബത്തില്‍ നടന്നിട്ടും ഭര്‍ത്താവിന്റെ സാന്നിധ്യം ഉണ്ടായില്ലല്ലോ, പ്രധാനപ്പെട്ട ആള്‍ എവിടെ, രണ്ടു പേരും വേര്‍പിരിഞ്ഞോ എന്നെല്ലമാണ് ആരാധകര്‍ ചോദിക്കുന്നത്.

മാത്രമല്ല ഫ്‌ലാറ്റിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്ന വീഡിയോയില്‍ ഫ്‌ലാറ്റ് നിറയെ മഞ്ജുവിന്റേയും മകളുടേയും ഫോട്ടോകള്‍ മാത്രമെയുള്ളുവെന്നും ഭര്‍ത്താവ് സുജിത്തിന്റെ ഒരു ഫോട്ടോ പോലും ഇല്ലല്ലോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ കൂടിയപ്പോള്‍ മഞ്ജു മറുപടിയും നല്‍കി. സുജിത്തേട്ടന്‍ എവിടെ എന്ന് ചോദിക്കുന്ന ഒരു കമന്റിന് മറുപടിയായി ഷൂട്ട് എന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്.

സിനിമകളില്‍ സജീവമായി തുടങ്ങിയതിനെ പറ്റി മഞ്ജു പിള്ള അടുത്തിടെ സംസാരിച്ചിരുന്നു. മകളെ വളര്‍ത്തേണ്ടതിനാലാണ് സിനിമകളില്‍ അധികം അഭിനയിക്കാതിരുന്നതെന്നും ഇപ്പോള്‍ മകള്‍ വളരുകയും വിദേശത്ത് പഠിക്കാന്‍ പോവുകയും ചെയ്തതിനാല്‍ താന്‍ കരിയറില്‍ ശ്രദ്ധ കൊടുക്കുകയുമാണെന്നാണ് മഞ്ജു പിള്ള വ്യക്തമാക്കിയത്.

അടുത്തിടെ മകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെക്കുറിച്ച് മഞ്ജു പിള്ള പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ‘ഡ്രഗ്, മദ്യം, ലേറ്റ് നൈറ്റ് പാര്‍ട്ടികള്‍, ഇതിന്റെ ഒക്കെ ഭവിഷത്തുകള്‍ നമ്മള്‍ പറഞ്ഞ് കൊടുക്കുക എന്നതേ ഉള്ളൂ. പിന്നെ എനിക്കിവിടെ ഇരുന്ന് പറഞ്ഞ് കൊടുക്കാനേ പറ്റൂ’. അത് ചെയ്യേണ്ടത് അവളാണ്. അവള്‍ വേറൊരു നാട്ടിലാണ്. ചെറുതിലേ ഞാന്‍ പറഞ്ഞ് കൊടുക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഒരു ഡ്രിങ്കോ, വൈനോ എടുത്തത് കൊണ്ട് തെറ്റൊന്നും ഇല്ല. പക്ഷെ അത് എങ്ങനെ കുടിക്കണം എന്നുള്ളതാണ്’

‘ഞാനെപ്പോഴും പറഞ്ഞ് കൊടുക്കുന്ന ഒരു കാര്യമുണ്ട്. ഒരു പാര്‍ട്ടിയില്‍ പോവുമ്പോള്‍ ഏത് ഡ്രിങ്ക് എടുത്താലും അത് ഫിനിഷ് ചെയ്തിട്ട് തിരിച്ച് വെക്കാവൂ. ഇനി വെക്കേണ്ടി വന്നാല്‍ തിരിച്ച് അതെടുത്ത് കുടിക്കരുത്. ഫ്രഷ് എടുക്കുക. ചിലപ്പോള്‍ ജ്യൂസ് ആയിരിക്കും, വാട്ടര്‍ ആയിരിക്കും മദ്യം തന്നെ വേണമെന്നില്ല,’ എന്നും മഞ്ജു പിള്ള പറഞ്ഞു.

കുടിച്ച് തീര്‍ക്കാതെ വെച്ച ഡ്രിങ്കില്‍ എന്തെങ്കിലും കലര്‍ത്തുന്നതിനുള്ള മുന്‍ കരുതല്‍ ആയാണ് ഇത് ശീലിക്കേണ്ടതെന്നാണ് മഞ്ജു പിള്ള പറയുന്നത്. ദയ സുജിത്ത് എന്നാണ് മഞ്ജു പിള്ളയുടെ മകളുടെ പേര്. അടുത്തിടെ ആണ് പഠനത്തിനായി മകള്‍ വിദേശത്തേക്ക് പോയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

Vijayasree Vijayasree :