മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കുഞ്ഞുതാരമാണ് ദേവനന്ദ. നാലരവയസ്സുമുതല്‍ അഭിനയലോകത്തേക്ക് എത്തിയതാണ് ദേവനന്ദ. മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ഗു ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മിന്ന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ദേവനന്ദ. ബാംഗ്ലൂരില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം മിന്ന അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെ അമാനുഷികതകള്‍ നിറഞ്ഞ തറവാട്ടിലെത്തുന്നതാണ് ചിത്രത്തിന്റെ കഥ. പിന്നാലെ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയില്‍ പറയുന്നത്.
ഇപ്പോഴിതാ ദേവനന്ദയെ കുറിച്ച് മണിയന്‍ പിള്ള രാജു ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാളികപ്പുറം കണ്ടിറങ്ങിയപ്പോഴാണ് തനിക്ക് തോന്നിയത് അതിലെ കുട്ടി താരത്തെ ഹീറോയിനാക്കി ചെയ്താല്‍ മലയാളികളെല്ലാം കാണുമെന്ന്്. നേരത്തെ മഞ്ജു വാര്യരെ ചൂണ്ടിക്കാട്ടിയായിരുന്നു താന്‍ ഇങ്ങനെ പറഞ്ഞത്. ആറാം തമ്പുരാന്റെ ഷൂട്ടിനിടെയായിരുന്നു മഞ്ജുവിനെ പരിചയപ്പെടുന്നതെന്നും മഞ്ജുവിനെ ഹീറോയിനാക്കി സിനിമ ചെയ്യണമെന്ന് താന്‍ അന്ന് പറഞ്ഞിരുന്നുവെന്നും അതുപോലെയാണ് ദേവനന്ദയെ കുറിച്ച് പറഞ്ഞതെന്നും ദേവനന്ദ ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമാ പ്ലാന്‍ ഉണ്ടാവില്ലായിരുന്നുവെന്നും മണിയന്‍ പിള്ള രാജു പറയുന്നു.
സിനിമയിലെ തന്റെ ഏറ്റവും നല്ല ബെസ്റ്റ് ഫ്രണ്ട് മഞ്ജു തന്നെയാണ് എന്നാണ് മണിയന്‍ പിള്ള രാജു മുമ്പ് പറഞ്ഞത്. ചിലരെ നമ്മള്‍ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന് മുമ്പ് മഞ്ജുവിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. ആറാം തമ്പുരാനില്‍ അഭിനയിക്കുന്ന സമയത്ത് ക്യാമറയുടെ പിന്നില്‍ വന്ന് നോക്കും. ആ മുഖത്ത് മിന്നി മായുന്ന എക്‌സ്പ്രഷന്‍ കാണാന്‍. അതി ഗംഭീര ആര്‍ട്ടിസ്റ്റാണ്. അങ്ങനെയാെരു ആരാധനയാണ്.
ആരാധന ഒരു പ്രണയം പോലെയാണ്. അവരുടെ കഴിവിനെ ബഹുമാനിച്ച് കൊണ്ടുള്ളത്. അത് കഴിഞ്ഞാണ് കണ്ണെഴുതി പൊട്ടും തൊട്ടിന് ഞാന്‍ വിളിക്കുന്നത്. ആ സമയത്ത് അവര്‍ രഹസ്യമായി വിവാഹം നടത്താനുള്ള പരിപാടിയായിരുന്നു. പക്ഷെ സ്‌ട്രോങ്ങായി പറഞ്ഞു രാജു ചേട്ടന്റെ ഈ പടം ചെയ്യാതെ അങ്ങനെ ഒരു പരിപാടിയില്ലെന്ന്. അങ്ങനെ കണ്ണെഴുതി പൊട്ട് കഴിഞ്ഞ് അടുത്ത ദിവസമാണ് അവര്‍ വിവാഹം കഴിച്ചത്.
ആ പടത്തില്‍ അവര്‍ക്ക് നാഷണല്‍ അവാര്‍ഡാണ്. അന്ന് തൊട്ടുള്ള ഫ്രണ്ട്ഷിപ്പാണ്. മഞ്ജു എറണാകുളത്ത് വന്നാല്‍ വിളിക്കും. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ എവിടെയെങ്കിലും പോവും. മഞ്ജുവിന്റെ കാര്യത്തില്‍ എവിടെ ചെന്നാലും ഒരു കെയറിംഗ് കൊടുക്കും. കാരണം സാധാരണ നടിമാര്‍ 17 പേരോളമാണ് വരുന്നത്. ടച്ച് അപ്പ്, അത് ഇത് എന്നൊക്കെ പറഞ്ഞ്. മഞ്ജുവിന്റെ കൂടെ ആരും ഇല്ല. ഇനി ഏത് രാജ്യത്ത് ഷൂട്ടിംഗിന് വന്നാലും ഒരു അസിസ്റ്റന്റുമില്ല. ഒറ്റയ്ക്ക് നിന്ന് ജീവിച്ച് സ്‌ട്രോങായതാണ്.
ഇടയ്ക്ക് ഏതെങ്കിലും പടത്തില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ എന്നെ വിളിക്കും. ഇങ്ങനെയൊരു പടമുണ്ട് രാജു ചേട്ടാ പോവുകയാണ്, എല്ലാ അനുഗ്രഹവും വേണമെന്ന് പറയും. അപ്പോള്‍ നമുക്ക് മനസ്സങ്ങ് നിറഞ്ഞ് കണ്ണ് നിറയും ചിലപ്പോള്‍. പാവാട എന്ന സിനിമയില്‍ അഭിനയിച്ചതിന് പൈസ കൊടുത്തിട്ട് വാങ്ങിച്ചില്ല. ആ വര്‍ഷം ഓണക്കോടി കൊണ്ടു കൊടുത്തപ്പോള്‍ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന്. എന്റെയും കണ്ണ് നിറഞ്ഞ് പോയി. ആറേഴ് വര്‍ഷമായി അവരെവിടെയുണ്ടെങ്കിലും ഓണക്കോടി കൊറിയര്‍ അയച്ച് കൊടുക്കും എന്നുമാണ് മണിയന്‍ പിള്ള രാജു പറഞ്ഞിരുന്നത്.
അതേസമയം, മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ശരിക്കും അസാധ്യ അഭിനയമാണ് ദേവനന്ദ, ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും ഭംഗിയായി അഭിനയിക്കുക മാത്രമല്ല, സംസാരവും പ്രായത്തിനേക്കാളിം പക്വതയുള്ളതു പോലെയാണ്. ഒരു ജൂനിയര്‍ മഞ്ജു വാര്യര്‍ തന്നെയാണ് ദേവനന്ദ, വലുതായി നായികയാകുമ്പോള്‍ മഞ്ജു വാര്യരെ പോലെയാകും, മഞ്ജുവും ദേവനന്ദയും ചേര്‍ന്നൊരു സിനിമ വന്നെങ്കില്‍ നന്നായിരുന്നു, ഇത് മഞ്ജുവിനോടും പറയണം കേള്‍ക്കുമ്പോള്‍ അവര്‍ക്കും സന്തോഷം ആകും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.