ശരിക്കും ടോക്‌സിക് ഒരു വിഭാഗം ജനങ്ങളാണ്, അവരുടെയൊക്കെ കാഴ്ചപ്പാടുകൾ കാണുമ്പോൾ ഞെട്ടിപ്പോകും ; മനീഷ

ബി​ഗ് ബോസ് അഞ്ചാം സീസണിൽ നിന്നും മനീഷ കെഎസ് പുറത്ത് പോയത് ഒരു വിഭാ​ഗം പ്രേക്ഷകർക്ക് നിരാശ ഉണ്ടാക്കിയിരുന്നു. ശക്തയായ മത്സരാർത്ഥിയായിരുന്നു മനീഷയെന്നാണ് പ്രേക്ഷകർ പറയുന്നത് . എവിക്ഷൻ അപ്രതീക്ഷിതമായിരുന്നെന്ന് മനീഷയും സമ്മതിക്കുന്നുണ്ട്. ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും പരാതിയില്ലെന്നും മനീഷ വ്യക്തമാക്കിയിരുന്നു .

തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞാണ് മനീഷ ഹൗസിനകത്ത് നിന്നത് അതുകൊണ്ട് തന്നെ ഇത്രയും വേഗം പുറത്താക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം സഹമത്സരാർത്ഥികളുമായി കാണിക്കുന്ന ഇമോഷണൽ അറ്റാച്മെന്റും കരച്ചിലും കുറ്റം പറച്ചിലുമൊക്കെ വിമർശിച്ച് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ വിമർശനങ്ങളോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് മനീഷ.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഒറിജിനലായി തന്നെയാണ് താൻ അവിടെ നിന്നതെന്നും തന്റെ ബേസിക്ക് നേച്ചറാണ് ഹൗസിനുള്ളിൽ കണ്ടതെന്നും മനീഷ പറയുന്നു. ‘ഒറിജിനലായിരിക്കാൻ പറയുന്ന ഒരിടത്ത് ചെന്നിട്ട് ഒറിജിനൽ അല്ലാതെ ഇരിക്കേണ്ട കാര്യമില്ലല്ലോ. എല്ലാവർക്കും ഒരു ബേസിക്ക് നേച്ചറുണ്ട്. അതല്ലാതെ മറ്റൊരു മുഖമൂടി അണിഞ്ഞ് അവിടെ നിൽക്കേണ്ട കാര്യമില്ല. അപ്പുറത്ത് മാറിയിരുന്ന് കുറ്റം പറയുകയാണ് എന്നൊക്കെ ചിലർ പറയുന്നുണ്ടായിരുന്നു’,

‘കേരളത്തിൽ ഉള്ളത് കുറ്റം പറയാത്ത പെണ്ണുങ്ങളാണല്ലോ! സോഷ്യൽ മീഡിയയിലൊക്കെ എന്താണ് നടക്കുന്നത്. ചിലർ പറയുന്നുണ്ടായിരുന്നു ടോക്‌സിക് കണ്ടന്റാണ്. ടോക്‌സിക് മത്സരാർത്ഥികളാണ് എന്നൊക്കെ. ശരിക്കും ടോക്‌സിക് ഒരു വിഭാഗം ജനങ്ങളാണ്. അവരുടെയൊക്കെ കാഴ്ചപ്പാടുകൾ കാണുമ്പോൾ ഞെട്ടിപ്പോകും’,എന്നും താരം കൂട്ടിച്ചേർത്തു .

‘ചില യൂട്യൂബർമാർ തംബ്നെയിൽ ഇട്ട് കൊടുക്കുന്ന വാർത്തകൾ കാണുമ്പോൾ തന്നെ ഭയങ്കരമായി വിഷമം വരും. നമ്മളെ വ്യക്തിപരമായി ഒട്ടും അറിയാത്ത ആളുകൾ നമ്മുടെ ശരീരത്തെ കുറിച്ച് പോലും എന്തൊക്കെയോ പറയുകയാണ്. വളരെ ആധികാരികമായാണ് അവരുടെ സംസാരം. ഏന്താണ്ട് നമ്മളെ കണ്ട് മനസിലാക്കിയ പോലെയൊക്കെയാണ് സംസാരിക്കുന്നത്’, മനീഷ പറയുന്നു.

റോബിൻ വിഷയത്തെ കുറിച്ചും മനീഷ അഭിമുഖത്തിൽ സംസാരിച്ചു. തനിക്ക് കഴിഞ്ഞ സീസണിൽ ഉണ്ടായ അനുഭവം വച്ച് അഖിൽ മാരാർ പുറത്താക്കണം എന്ന് പറഞ്ഞത് ന്യായമാണ്. എന്നാൽ ചെയ്ത കാര്യത്തിൽ വിയോജിപ്പ് ഉണ്ടെന്ന് മനീഷ പറയുന്നു.

‘ഒന്നുമില്ലാതിരുന്ന ഇടത്തു നിന്ന് നമുക്ക് ഫെയിം നൽകിയ ഒരു പ്ലാറ്റ്‌ഫോമിനെ ഒരിക്കലും മുഖമടച്ച് ആക്ഷേപിപ്പിക്കാൻ പാടില്ലായിരുന്നു. ആ ഒരു കാര്യത്തിൽ അദ്ദേഹത്തോട് വിയോജിപ്പ് ഉണ്ട്. നല്ലൊരു മത്സരാർത്ഥിയും വ്യക്തിയും ഒക്കെ ആയിരിക്കാം. പക്ഷേ ആ ചെയ്തത് ശരിയല്ല’,

‘ശോഭേച്ചി അഖിലേട്ടനെ ചൊറിഞ്ഞ് കണ്ടന്റ് ഉണ്ടാക്കും, പക്ഷേ പുറത്തുവരുന്നത് അങ്ങനെയല്ല’: റെനീഷയോട് സെറീന!

‘അഖിൽ മാരാർ ഒരുപാട് കണ്ടന്റ് നൽകുന്ന ആളാണ്. അയാളുടെ ദേഷ്യം മാത്രം മുൻനിർത്തി അയാളെ മാറ്റിനിർത്താൻ സാധിക്കില്ല. റോബിൻ പറയുന്ന കാരണം ന്യായമാണ്. പക്ഷേ നമ്മുക്ക് കിട്ടുന്ന വേദിയെ ബഹുമാനിക്കാൻ പടിക്കണം. ബിഗ് ബോസിന്റെ അണിയറപ്രവർത്തകർക്ക് ആർക്കും വ്യക്തിപരമായി ആരോടും ദേഷ്യമില്ല. അവരെ സംബന്ധിച്ച് എല്ലാവരും ഓരോ കണ്ടസ്റ്റുകളാണ്. ഒരു വ്യക്തിയെ പേഴ്സണലായി ബാധിക്കുന്ന കാര്യങ്ങളിൽ ഒക്കെയാണ് ബിഗ് ബോസ് ഒരു നടപടിയിലേക്ക് പോവുക’, മനീഷ പറഞ്ഞു.

ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ലെന്നും മനീഷ വ്യക്തമാക്കി. ‘വീക്കിലി ടാസ്ക് കഴിഞ്ഞ് എട്ടാം ആഴ്ചയിലേക്ക് സ്വാഗതമെന്ന് ബിഗ് ബോസ് പറഞ്ഞ ആളാണ് ഞാൻ. എന്നിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. പ്രശ്നമാക്കാൻ ആണെങ്കിൽ എനിക്കും ചെയ്യാം. മറ്റാരെങ്കിലും ആണെങ്കിൽ പ്രശ്നമാക്കിയേനെ. റോബിൻ പറഞ്ഞത് പോലെ സ്ക്രിപ്റ്റഡ് ആണെന്നൊക്കെ വേണമെങ്കിൽ പറയാമായിരുന്നു. പക്ഷേ എനിക്ക് കാര്യങ്ങളുടെ നിജസ്ഥിതി അറിയാം. ഒരിക്കലും സ്ക്രിപ്റ്റഡായി ചെയ്യാൻ കഴിയുന്ന ഷോയല്ല ബിഗ് ബോസ്’, മനീഷ കൂട്ടിച്ചേർത്തു.

AJILI ANNAJOHN :