പ്രശസ്‌ത മലയാള സാഹിത്യകാരനും ഗാനരചയിതാവുമായ മാങ്കൊമ്പ് ഗോപാലകൃഷ്‌ണൻ(78) അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ എട്ട് ദിവസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
700ലധികം മലയാള ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും തിരക്കഥ രചിച്ചു. ബാഹുബലി, ആർആർആർ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളും അവയിലെ ഗാനങ്ങളും മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും മാങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ആയിരുന്നു.
മറ്റ് ഭാഷകളിലേക്ക് ചിത്രങ്ങൾ മൊഴിമാറ്റുമ്പോഴും എസ് എസ് രാജമൗലി മങ്കൊമ്പ് ഗോപാലകൃഷ്‌ണൻറെ ഭാഷയും എഴുത്ത് റഫറൻസ് ആയി എടുക്കാറുണ്ട്. ജൂനിയർ എൻ ടി ആർ നായകനാകുന്ന ദേവരയും മൊഴിമാറ്റിയത് അദ്ദേഹം ആയിരുന്നു.
മലയാള സിനിമയിലേക്ക് കടന്നു വരിക എന്നത് 70 കളിൽ ഏതൊരു വ്യക്തിക്കും വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഒരു സിനിമയിൽ നാല് പാട്ടുകളുണ്ടെങ്കിൽ അതിൽ നാല് പാട്ടുകളും ഒരുപക്ഷേ യേശുദാസ് പാടും, അഞ്ചാമതൊരു പാട്ട് ഉണ്ടെങ്കിൽ മാത്രമേ പി ജയചന്ദ്രനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു.
ഒരു നിർമാതാവിനും സംവിധായകനും പുതിയൊരാളെ പരീക്ഷിക്കാനുള്ള ഭയം തന്നെയായിരുന്നു അക്കാലത്തെ മുഖ്യ പ്രശ്‌നം. അധികായന്മാർക്കിടയിൽ ഏകാധിപത്യമുള്ള കാലത്ത് മലയാള സിനിമ സാഹിത്യ ലോകത്തിൻറെ ഭാഗമാകാൻ സാധിച്ചത് ഒരുപക്ഷേ ഭാഗ്യമായിരിക്കണമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.