സിനിമാട്ടോഗ്രഫി ആര്‍ട്ട് അവാര്‍ഡ്‌സ് 2024 ല്‍ മലയാള സിനിമയിലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടി ഛായാഗ്രഹകന്‍ മനേഷ് മാധവന്‍. ഇലവീഴാപൂഞ്ചിറ എന്ന സ്ഥലത്തിന്റെ മനോഹാരിതയും ഭീകരതയും ഭംഗിയായി ക്യാമറയില്‍ ഒപ്പിയെടുത്തതിനാണ് പുരസ്‌കാരം. വികാസ് ശിവരാമന്‍ ചെയര്‍മാന്‍ ആയുള്ള ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മനേഷിന്റെ ക്യാമറ ദൃശ്യങ്ങള്‍ കാഴ്ചക്കാരുടെ സിനിമാറ്റിക് അനുഭവത്തെ സമ്പന്നമാക്കുക മാത്രമല്ല, സിനിമ വ്യവസായത്തില്‍ മികവിന്റെ ഒരു നിലവാരം സ്ഥാപിക്കുകയും ചെയ്‌തെന്ന് ജൂറി വിലയിരുത്തി.
മലയാളത്തില്‍ നിന്ന് മനേഷ് മാധവന് പുരസ്‌കാരം ലഭിച്ചപ്പോള്‍ തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ ചിത്രത്തിലൂടെ രവിവര്‍മനും പുരസ്‌കാരത്തിന് അര്‍ഹനായി. ക്രാഫ്റ്റ് ‘ഐക്കണ്‍ ഓഫ് സിനിമാട്ടോഗ്രഫി’ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും അര്‍ഹനായി. ‘ജോസഫ്’, ‘നായാട്ട്’ എന്നിവയ്ക്ക് തിരക്കഥ ഒരുക്കിയ ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ഇലവീഴാപൂഞ്ചിറ’യില്‍ സൗബിന്‍ ഷാഹിറും സുധി കോപ്പയുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറയിലെ പോലീസ് എയിഡ് പോസ്റ്റിലെ രണ്ട് പോലീസുകാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
2023ല്‍ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിലും ഇലവീഴാ പൂഞ്ചിറയിലൂടെ മനേഷ് മാധവന്‍ മികച്ച ഛായാ?ഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇലവീഴാ പൂഞ്ചിറ. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. നിധീഷ്.ജി, ഷാജി മാറാട് എന്നിവരുടേതായിരുന്നു തിരക്കഥ.