ഭാഷാഭേദമന്യേ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ 2. ഡിസംബര്‍ 16 നാണ് ചിത്രം റിലീസായത്. എന്നാല്‍ അവതാര്‍ 2 കാണുന്നതിനിടെ ഒരു സിനിമാ പ്രേമി മരണപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലെ തിയേറ്ററിലാണ് സംഭവം.
അവതാര്‍ 2 കാണുന്നതിനിടെയാണ് ലക്ഷ്മിറെഡ്ഡി ശ്രീനു എന്ന വ്യക്തി ഹൃദായാഘാതം മൂലം മരണപ്പെടുന്നത്. സഹോദരന് രാജുവിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം. സിനിമ തുടങ്ങി കുറച്ച് സമയങ്ങള്‍ക്ക് ശേഷം തളര്‍ച്ച അനുഭവപ്പെട്ട ശ്രീനു കുഴഞ്ഞ് വീഴുകയായിരുന്നു.
സഹോദരന് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീനുവിന് ഭാര്യയും ഒരു മകളും ഒരു മകനുമുണ്ട്. ഇതിനു മുമ്പ് 2010 ലെ അവതാര്‍ റിലീസിനും സമാനസംഭവം ഉണ്ടായിരുന്നു.
അന്ന് തായ്വാനിലായിരുന്നു സംഭവം. 42 കാരനായ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളായിരുന്നു അന്ന് മരിച്ചത്. സിനിമ കാണുമ്പോഴത്തെ അമിത ആവേശമാണ് അദ്ദേഹത്തിന് വിനയായത് എന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതേസമയം റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ 41 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് അവതാര്‍ നേടിയിരിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര ടിക്കറ്റ് വില്‍പ്പനയില്‍ ചിത്രം 50.4 ദശലക്ഷം ഡോളര്‍ നേടിയതായി ഡിസ്നി പറഞ്ഞു. ഇന്ത്യയില്‍ 3800 സ്ക്രീനുകളിലായി 14,000 ഷോയാണ് ഒരു ദിവസമുള്ളത്. അവതാര്‍ 2 റിലീസ് ചെയ്യും മുന്‍പ് തന്നെ ബുക്ക് മൈ ഷോ വഴി 20 കോടിയുടെ പ്രീ ബുക്കിങ് നേടിയിരുന്നു. അവതാര്‍ ആദ്യഭാഗം നേടിയത് 2.91 ബില്യന്‍ ഡോളറിന്റെ ആഗോള കളക്ഷന്‍ ആയിരുന്നു. 2000 കോടി രൂപയോളം ചെലവിട്ടാണ് രണ്ടാം ഭാഗം നിര്‍മിച്ചിരിക്കുന്നത്.
