ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ തൃശൂരിലെത്തി; ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്‌നിലിരുന്ന് കണ്ടയാൾ പിടിയിൽ

മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്‌നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ തൃശൂരിലെത്തിയതാണ് ഇയാൾ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിലാണ് ഇയാൾ യാത്ര ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നിന്നും വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ സിനിമ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന ദൃശ്യം തെളിവ് സഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടൻ ബിനു പപ്പുവിന് അയച്ചു നൽകിയത്.

നടൻ ദൃശ്യങ്ങൾ നിർമ്മാതാവ് എം രഞ്ജിത്തിന് കൈമാറുകയും പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയുമായിരുന്നു. തൃശൂർ ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ യാത്രക്കാരൻ സിനിമ കാണുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

അതേസമയം, ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണിത്. 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും.

മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാർ ആണ് ഛായാഗ്രഹണം.

Vijayasree Vijayasree :