ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്; വൈറലായി മാമുക്കോയയുടെ വാക്കുകള്‍

മലയാള സിനിമയ്ക്ക് നികത്താനാകാത്ത മറ്റൊരു തീരാ നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ് നടന്‍ മാമുക്കോയയുടെ വിയോഗത്തോടെ. പ്രിയ നടന്‍ ഇന്നസെന്റ് വിട പറഞ്ഞ് ദിവസങ്ങള്‍ കഴിയും മുന്‍പാണ് ഹാസ്യത്തിന്റെ സുല്‍ത്താനും വിടപറയുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന മാമുക്കോയ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അന്തരിച്ചത്.

രണ്ടു ദിവസം മുന്‍പ് മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടന് വയ്യാതെ ആയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. മാമുക്കോയയുടെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമാ ലോകത്ത് തീര്‍ക്കുന്ന ശൂന്യത ചെറുതൊന്നുമല്ല. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടന്‍ ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ നിരവധിയാണ്. ഏകദേശം 450 ലധികം സിനിമകളിലാണ് നടന്‍ ഈ കാലയളവില്‍ അഭിനയിച്ചത്.

തനത് കോഴിക്കോടന്‍ ശൈലിയില്‍ തമാശ പറഞ്ഞാണ് മാമുക്കോയ പ്രേക്ഷക ഹൃദയം കീഴടക്കിയത്. അസാധ്യ കോമഡി ടൈമിങ്ങും കൗണ്ടറുമായിരുന്നു മാമുക്കോയയുടെ ഹൈലൈറ്റ്. അടുത്തിടെയായി സീരിയസ് വേഷങ്ങളിലേക്ക് ഒക്കെ ചുവടുമാറ്റിയ നടന്‍ അപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.

സ്വന്തം ജീവിതത്തിലും നര്‍മ്മത്തെ കൂടെ കൂട്ടിയ ആളായിരുന്നു മാമുക്കോയ. അല്‍പം ഗൗരവക്കാരനായി കാണുമെങ്കിലും സംസാരത്തില്‍ നര്‍മ്മം കലര്‍ത്താന്‍ അദ്ദേഹം മറക്കാറില്ല. മാമുക്കോയയുടെ അഭിമുഖങ്ങളിലൊക്കെ അത് കാണാമായിരുന്നു. ഒരിക്കല്‍ തന്നെ കുറിച്ചു വന്ന വ്യാജ മരണവര്‍ത്തയിലും രസകരമായൊരു പ്രതികരണമായിരുന്നു മാമുക്കോയയുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്നെ കുറിച്ച് വന്ന വ്യാജ വാര്‍ത്തയില്‍ മാമുക്കോയ പ്രതികരിച്ചത് ഇപ്പോള്‍ വീണ്ടും വൈറലായി മാറുകയാണ്.

തന്റെ മരണം കൊണ്ട് സന്തോഷം കിട്ടുന്നവര്‍ക്ക് കിട്ടട്ടെ എന്നായിരുന്നു അന്ന് നടന്റെ പ്രതികരണം. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് അങ്ങനെ പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യമാണെന്നും മാമുക്കോയ പറയുകയുണ്ടായി. ‘ഞാന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആനന്ദം കിട്ടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെ സന്തോഷം കിട്ടുന്നവന് കിട്ടട്ടെ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് അങ്ങനെയും പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യം. ഒരു തമാശയായി മാത്രമേ ഞാന്‍ ഇതിനെയും കാണുന്നുള്ളൂ,’

‘ഇതിനെതിരെ പരാതി കൊടുക്കാന്‍ പലരും പറഞ്ഞു. എന്നിട്ട് എന്ത് കിട്ടാനാണെന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ഏതെങ്കിലും കോളജില്‍ പഠിക്കുന്ന ഒരു പയ്യനെ പൊലീസ് പിടിക്കും. അവനെയും കൊണ്ട് ഇവിടെ വരും. അവന്‍ പറയും. ‘ഒരു തമാശക്ക് ചെയ്തതാണ്, ക്ഷമിക്കണമെന്ന്. പിന്നെ ഞാന്‍ എന്ത് ചെയ്യാനാണ്? അവന്റെ ഇമേജു പോവും.

അവന്റെ അച്ഛനും അമ്മയും സങ്കടത്തിലാവും. ഇനി പ്രതിയാവുന്നവന്‍ തന്നെയാണോ ചെയ്തതെന്ന് തെളിവൊന്നും ഉണ്ടാവില്ല,’ ‘എന്തിനാണ് നമ്മള്‍ ഇതിന്റെയൊക്ക പിറകേ പോവുന്നത്. എഴുപത് വയസായി. ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്. മരണക്കിടക്കയില്‍ ഒരുപാടു നാള്‍ കിടത്തരുതെന്ന്,’

‘ദുഃഖങ്ങള്‍ പോലും സ്വകാര്യമായി സൂക്ഷിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍,’ എന്നും മാമൂക്കോയ പറഞ്ഞിരുന്നു. സുലൈഖ മനസിലാണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദിലീപ് നായകനായ ബാന്ദ്ര, അന്വേഷിപ്പിന്‍ കണ്ടെത്തും, പദ്മിനി, അദ്ദേഹം പ്രധാന വേഷത്തില്‍ എത്തുന്ന ഗഫൂര്‍ കാ ദോസ്ത് തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങവെ ആണ് മാമുക്കോയയുടെ വിയോഗം.

1946 ല്‍ കോഴിക്കോട് ജില്ലയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി ആയിരുന്നു ജനനം. നാടതക്കിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള രംഗപ്രവേശനം. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്.

1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളില്‍ തിളങ്ങി.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, കളിക്കളത്തിലെ പോലീസുകാരന്‍ ,ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍ ,ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരന്‍ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പന്‍ ദ ഗ്രേറ്റ്. അടുത്തിടെ അദ്ദേഹത്തിന് യുഎഇ ഗോള്‍ഡന്‍ വിസയും ലഭിച്ചിരുന്നു.

Vijayasree Vijayasree :