ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി

എഴുപത്തിയഞ്ച് വര്‍ഷത്തിനിടെ പെയ്ത ഏറ്റവും വലിയ മഴയില്‍ യുഎഇ വെള്ളത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ മഴക്കെടുതിയില്‍ ബുദ്ധിമുട്ടിലായ ദുബായ് ജനതയ്ക്ക് പ്രാര്‍ത്ഥനകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. പ്രകൃതിക്ഷോഭം സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും പരമാവധി എല്ലാവരും സുരക്ഷിതരായി ഇരിക്കൂവെന്നും മമ്മൂട്ടി പറഞ്ഞു.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ..’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

അതേസമയം, 75 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്. നിലവില്‍ മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് ഇവടുത്തെ ജനങ്ങള്‍. വിമാന സര്‍വീസുകള്‍ ഇതുവരെയും സാധാരണഗതിയില്‍ എത്തിയിട്ടില്ല. കേരളത്തില്‍ നിന്നുള്ളതും ഇവിടുന്ന് ഗള്‍ഫ് നാടുകളിലേക്കുള്ളതുമായ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

ദുബൈയില്‍ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെ യുഎഇ രക്ഷാദൗത്യത്തിന് മലയാളികളും പങ്കാളികള്‍ ആകുന്നുണ്ട്.

അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നത് സിനിമ. ജൂണ്‍ 13ന് ചിത്രം തിയറ്ററുകളില്‍ എത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഭ്രമയുഗം ആണ് നടന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ബസൂക്കയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഡിനോ ഡെന്നിസ് ആണ് സംവിധാനം. വൈകാതെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

Vijayasree Vijayasree :