‘ഭ്രമയുഗം’ സിനിമ കാണാന്‍ വരുമ്പോള്‍ ഒന്നും പ്രതീക്ഷിക്കാതെ തിയേറ്ററിലേയ്ക്ക് വരരുത് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്. പോസ്റ്ററും ട്രെയ്ലറും ഡീകോഡ് ചെയ്ത് അങ്ങനെയാകും ഇങ്ങനെയാകും സിനിമ എന്ന് പ്രതീക്ഷിച്ച് വരരുത് എന്നാണ് മമ്മൂട്ടി പറയുന്നത്.

‘ഒന്നും പ്രതീക്ഷിക്കാതെ വരരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ ഒരു കാര്യവും തീരുമാനിച്ച് വരരുത്. ഇങ്ങനെയായിരിക്കും എന്ന് തീരുമാനിച്ച് നിങ്ങള്‍ ഒരു കഥ ഉണ്ടാക്കി വരരുത്. സിനിമ കണ്ട് അറിയുന്നതാണ് ഭംഗി എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. ഞാന്‍ അങ്ങനല്ല വിചാരിച്ചത്, ഇങ്ങനല്ല വിചാരിച്ചത് എന്ന് പറയരുത് എന്ന് പറയരുത്. അങ്ങനെ കുറ്റപ്പെടുത്തരുത്.’
‘എല്ലാവരും ശൂന്യമായ മനസോട് കൂടി വരണം. സിനിമയുടെ പോസ്റ്റര്‍ കാണുമ്പോഴും ട്രെയ്ലര് കാണുമ്പോഴും ഇത് ഡീകോഡ് ചെയ്തിട്ട് അങ്ങനെ ആയിരിക്കും ഇങ്ങനെ ആയിരിക്കും എന്നൊക്കെ പറയും. അങ്ങനെ ഒന്നും ആയിരിക്കണമെന്ന് ഇല്ല, ചിലപ്പോള്‍ ആകാം. പക്ഷെ അതുകൊണ്ട് ഒരു സിനിമയുടെ ത്രില്ല് നഷ്ടപ്പെട്ടു പോകരുത്.’
‘നിങ്ങള്‍ക്ക് വേണ്ടി ഞാനിത് പറഞ്ഞെന്നേയുള്ളു. സിനിമ ഇനി മാറ്റാന്‍ ഒന്നും പറ്റില്ല, സിനിമ ഓള്‍റെഡി ആയിക്കഴിഞ്ഞു. അങ്ങനെ ആയിരിക്കാം ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് അങ്ങനൊരു ആഗ്രഹം തോന്നുമെന്ന് മാത്രം. അതുകൊണ്ട് സിനിമ കാണാന്‍ വരുമ്പോള്‍ തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ വരിക.’
‘സിനിമ കാണാന്‍ വരുമ്പോള്‍ മുന്‍വിധിയോട് കൂടി വരരുത്’ എന്നാണ് മമ്മൂട്ടി പറയുന്നത്. ഫെബ്രുവരി 15ന് ആണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.
