ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി

ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുക എന്നതിനപ്പുറം സിനിമയോടുള്ള അഭിനിവേശം കൊണ്ടാണെന്ന് മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാര്‍ഗദര്‍ശികളായ മുതിര്‍ന്ന നിര്‍മാതാക്കളുടെ സാന്നിധ്യത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ തുറക്കുന്ന ആഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു താരം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മന്ദിരോദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ യോഗ്യനാക്കിയതില്‍ നന്ദിയുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ വക്കീലായി അഭിനയിക്കാനെത്തിയ തന്നെ ഇത്ര വലിയ സംരംഭത്തില്‍ മുറിക്കുന്ന നാടയുടെ ഒരു അരികിലെങ്കിലും പിടിക്കാന്‍ യോഗ്യനാക്കിയത് നിര്‍മാതാക്കളാണ്. ഫോണില്‍പ്പോലും സിനിമ പിടിക്കുന്ന കാലമാണിത്. ആദ്യകാല സിനിമാ നിര്‍മാതാക്കളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമായിരിക്കും.

മറ്റു പല ജോലിയും ചെയ്ത് പണമുണ്ടാക്കാന്‍ അറിയാമായിട്ടും പല ജാതി ജാഡകളും അഹങ്കാരങ്ങളുമൊക്കെ സഹിച്ച് പലരും സിനിമ നിര്‍മിക്കുന്നത് സിനിമയോടുള്ള മോഹംകൊണ്ടുമാത്രമാണ്. നിര്‍മാതാവിന്റെ തലയിലാണ് സിനിമ ആദ്യം ഉദിക്കുന്നത്. അവസാനം നിര്‍മാതാവിന്റെ തലയിലാകും സിനിമ. ബാക്കിയെല്ലാവരും കാശും മേടിച്ച് പോകും-മമ്മൂട്ടി പറഞ്ഞു. 1989-ലാണ് സംഘടന ആരംഭിക്കുന്നത്. ഫിലിം ചേംബറിന്റെ കെട്ടിടത്തിലാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. അഞ്ചര വർഷം മുൻപ് തറക്കല്ലിട്ട കെട്ടിടം ബാങ്ക് ബാധ്യതകളൊന്നുമില്ലാതെയാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് ജി. സുരേഷ്‌ കുമാർ പറഞ്ഞു. സ്ഥലത്തിനടക്കം 10 കോടി രൂപയാണ് ചെലവായത്.

ഒട്ടേറെപ്പേരുടെ സഹായം കിട്ടി. മോഹൻലാൽ അടക്കം പലരും പലിശയില്ലാതെ പണം തന്ന് സഹായിച്ചു. മന്ദിരം നിർമിച്ചതിലുള്ള ബാധ്യതകൾ തീർക്കുന്നതിനായി താര സംഘടനയായ ‘അമ്മ’യുമായി ചേർന്നുള്ള പരിപാടി ആസൂത്രണം ചെയ്തിരുന്നു. ഇത് പല കാരണങ്ങളാൽ നടന്നില്ല. ഈ പരിപാടി ഉറപ്പായും നടത്താനാകുമെന്ന് മന്ദിരോദ്ഘാടന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉറപ്പുനൽകിയത് ഹർഷാരവത്തോടെയാണ് എല്ലാവരും സ്വാഗതം ചെയ്തത്. എറണാകുളം പുല്ലേപ്പടിയിൽ അരങ്ങത്ത് ക്രോസ് റോഡിൽ 14 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന ആസ്ഥാന മന്ദിരം അസോസിയേഷന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.

mammotty and directers

Sruthi S :