ഹരികൃഷ്ണന്‍സില്‍ ഇരട്ട ക്ലൈമാക്‌സ് വന്നതിന് പിന്നിലെ കാരണം ഇതാണ്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് മമ്മൂട്ടി

1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ചിത്രത്തിലെ ഇരട്ട ക്ലൈമാക്‌സ് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ ഇരട്ടക്ലൈമാക്‌സിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സിറിയക് ജോസഫ് ഹരികൃഷ്ണന്‍സ് സിനിമയെക്കുറിച്ച് പരാമര്‍ശം നടത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.

”ഹരികൃഷ്ണന്‍സ് സിനിമയുടെ അവസാനം രണ്ട് കഥാന്ത്യങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. ആ പെണ്‍കുട്ടി ഇവരില്‍ ആരേ തെരഞ്ഞെടുക്കുന്നു എന്നതാണ് കഥയുടെ അവസാന ഭാഗം. സിനിമയുടെ പ്രചരണോപാധിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്ക് വച്ചത്.

ഒന്ന് കൃഷ്ണന് കിട്ടുന്നുവെന്നും മറ്റൊന്ന് ഹരിയ്ക്ക് കിട്ടുന്നുവെന്നും. അത് ഇങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തില്‍ തന്നെ രണ്ട് തിയേറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോള്‍ ഈ രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്ന ദുര്‍ബുദ്ധിയോടെയോ സ്വബുദ്ധിയോടെയോ ചെയ്‌തൊരു കാര്യമാണ്.

പക്ഷേ അത് പ്രിന്റുകള്‍ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ആര്‍ക്കോ അബദ്ധം പറ്റി, അത് കേരളത്തിലെ രണ്ട് ഭാഗങ്ങളിലേയ്ക്ക് ആയിപ്പോയി. അതിന്റെ ഉദ്ദേശ്യം നല്ലതായിരുന്നു. രണ്ട് പേര്‍ക്ക് കിട്ടിയാലും സന്തോഷിക്കുന്ന പ്രേക്ഷകര്‍ ഇവിടെ ഉണ്ടായതുകൊണ്ടാണ് ആ സിനിമ വലിയ വിജയമായത്” എന്നും മമ്മൂട്ടി പറഞ്ഞു.

Vijayasree Vijayasree :