കഴിഞ്ഞ ദിവസമായിരുന്നു സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിട പറഞ്ഞത്. ഇപ്പോഴിതാ യെച്ചൂരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മമ്മൂട്ടി ദുഃഖം പങ്കുവെച്ചത്.
ദീർഘകാലത്തെ പ്രിയ സുഹൃത്ത് സീതാറാം യെച്ചൂരി നമ്മോടൊപ്പം ഇല്ല എന്ന വിവരം വളരെ ദുഃഖത്തോടെയാണ് രേഖപ്പെടുത്തുന്നതെന്നും സമർത്ഥനായ രാഷ്ട്രീയ നേതാവും തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്തുമാണ് യെച്ചൂരിയെന്നും മമ്മൂട്ടി കുറിപ്പിൽ പറയുന്നു.
നെഞ്ചിലെ അണുബാധയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ചികിത്സയിലായിരുന്നു യെച്ചൂരി. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിലാിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 19-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകീട്ടോടെ അന്തരിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14-ന് വൈകുന്നേരം മൂന്നുമണിക്കു പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്കുശേഷം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.
1952 ഓഗസ്റ്റ് 12-ന് ചെന്നൈയിലെ തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛൻ സർക്കാരിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന സർവേശ്വര സോമയാജുലു യെച്ചൂരി. അമ്മ കൽപ്പാക്കം യെച്ചൂരി സാമൂഹികപ്രവർത്തകയായിരുന്നു. മുത്തച്ഛൻ ഭീമ ശങ്കർ ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു.
1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സീതാറാം യെച്ചൂരി ഒരു വർഷത്തിനുശേഷം സിപിഎമ്മിൽ അംഗമായി. ജെ.എൻ.യുവിൽ വിദ്യാർഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനിൽപ്പ് നടത്തിയതിന് 1975-ൽ അറസ്റ്റിലായി. അടിയന്തരാവസ്ഥക്കുശേഷം 1977- 78 കാലഘട്ടത്തിൽ മൂന്നുതവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു.
2004-ൽ ബി.ജെ.പി.യെ ഭരണത്തിൽനിന്നകറ്റാനായി ഒന്നാം യു.പി.എ. സർക്കാരിന്റെ ശില്പിയായി സുർജിത് മാറിയപ്പോൾ യെച്ചൂരിയായിരുന്നു അദ്ദേഹത്തിന്റെ നിഴൽ. സുർജിത്തിന്റെ മരണശേഷം യു.പി.എ.ഇടത് ബന്ധത്തിലെ സുപ്രധാനകണ്ണിയായി യെച്ചൂരി പ്രവർത്തിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറ്റവുമടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം.