മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ആരാധകൻ ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ കോട്ടക്കുന്ന് ഡിസൈൻ ചെയ്ത വസ്ത്രമാണ് മമ്മൂട്ടി ധരിച്ചത്. മലപ്പുറം സ്വദേശിയാണ് ജസ്ഫർ. ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചാണ് ജസ്ഫർ ചിത്രങ്ങൾ വരയ്ക്കുന്നത്. അങ്ങനെ ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടിൽ വരച്ചാണ് ജസ്ഫർ മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത്.
തന്റെ ഷർട്ട് സ്നേഹത്തോടെ മമ്മൂട്ടി വാങ്ങിയ ശേഷം ഷർട്ട് തീർച്ചയായും ധരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അത് മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫർ കരുതിയിരുന്നത്. എന്നാൽ ജസ്ഫറിനെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കിടിലൻ ലുക്കിൽ മമ്മൂട്ടിയെത്തിയത്.
‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനാണ് ആ ഷർട്ട് ധരിച്ച് മമ്മൂട്ടിയെത്തിയത്. ആ കാഴ്ച കണ്ട് കണ്ട് നിറഞ്ഞിരിക്കുകയാണ് ജസ്ഫർ. മമ്മൂട്ടിയുടെ വലിയ ആരാധകനായ ജസ്ഫറിൻറെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണുകയെന്നത്. എ.കെ. ഗ്രൂപ്പിൻറെ സിഇഒ എ.കെ.മുസ്തഫയാണ് അതിന് അവസരം ഒരുക്കി നൽകിയത്.
അങ്ങനെ കഴിഞ്ഞ മാസം ‘ടർബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി ദുബായിൽ എത്തിയപ്പോഴായിരുന്നു ജസ്ഫറുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയത്. അന്ന് അദ്ദേഹത്തിന് എന്ത് സമ്മാനം നൽകുമെന്ന ചിന്തയാണ് ഈ ഷർട്ടിന് പിന്നിൽ. ലിനൻ തുണി വാങ്ങി പ്രിയതാരത്തിൻറെ അളവിൽ തുന്നിയെടുക്കുകയായിരുന്നു.
പിന്നീട് അക്രലിക്ക് പെയിൻറ് ഉപയോഗിച്ച് ബ്ലൂ പാലറ്റ് മാത്രം ഉപയോഗിച്ച് ഡിസൻ വരച്ചെടുത്തു. ഷർട്ടിനൊപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും വരച്ച് സമ്മാനിച്ചിരുന്നു ജസ്ഫർ. സോഷ്യൽ മീഡിയിയലൂടെ സന്തോഷവും ജാസ്ഫർ പങ്കുവെച്ചിട്ടുണ്ട്. Thank you മമ്മൂക്കാ… എന്നിലെ കലാകാരന് നൽകിയ ഈ അംഗീകാരത്തിന് … എൻറെ effort ന് value നൽകിയതിന്… പിന്നെ ഒരു മാസം കഴിഞ്ഞിട്ടും എന്നെ ഓർമിച്ചതിന് എന്നായിരുന്നു ജാസ്ഫർ കുറിച്ചത്.
എന്തായാലും തന്റെ ആരാധകനെ മമ്മൂട്ടി നിരാശനാക്കിയില്ലെന്നും മമ്മൂട്ടിയുടേത് വളരെ നല്ല മനസാണെന്നും ആരാധകർ കമന്റുകളുമായി എത്തുന്നുണ്ട്.
അതേസമയം, വാരണം ആയിരം, മിന്നലേ, വിണ്ണെ താണ്ടി വരുവായ, ധ്രുവനച്ചത്തിരം, എന്നൈ അറിന്താൽ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഗൗതം വാസുദേവ് മേനോൻറെ ആദ്യ മലയാള ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.
ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിക്കു പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വിഷ്ണുദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്.