ദുരന്തം കഴിഞ്ഞു…. ഇനി കരുതലോടെ നീങ്ങണം, നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്: മമ്മൂട്ടി
പ്രളയ ദുരന്തത്തില്‍ മുങ്ങിപ്പോയവര്‍ക്ക് ആശ്വാസവുമായി മമ്മൂട്ടി. ദുരന്തത്തില്‍ അകപ്പെട്ടവരോടൊപ്പം കരകയറാന്‍ അതിജീവന ശ്രമങ്ങള്‍ നടത്തുന്നവരോടൊപ്പം താനുമുണ്ടെന്ന് മമ്മൂട്ടി. മമ്മൂട്ടി തന്റെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി ദുരന്തം കഴിഞ്ഞെന്നും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തോടെയാണ് നമ്മള്‍ ഇതിനെ അതിജീവിച്ചതെന്നും ഇനി കരുതലോടെ നീങ്ങണമെന്നുമാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയുടെ വാക്കുകളിലേയ്ക്ക്-
പ്രിയപ്പെട്ടവരേ, നമ്മള്‍ ഒരു പ്രകൃതിദുരന്തം കഴിഞ്ഞിരിക്കുകയാണ്. ഒരേ മനസോടെ, ഒരേ ശരീരത്തോടെ, ഒരേ ലക്ഷ്യത്തോടെ നമ്മള്‍ അതിനെ അതിജീവിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനു ജീവന്‍ നമ്മള്‍ രക്ഷിച്ചു, ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണ്. പ്രളയത്തിനു മുന്‍പും ശേഷവും എന്നു കേട്ടിട്ടില്ലേ? പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിനു ശേഷമാണ്.
അവര്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ട്, വസ്തുക്കള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ജീവിതം, ജീവന്‍, വീട്, കൃഷി സമ്പാദ്യങ്ങള്‍, വിലപ്പെട്ട രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു. അതൊക്കെ തിരിച്ചെടുക്കണം. അതിനുള്ള ധൈര്യവും ആവേശവും നമ്മള്‍ കൊടുക്കണം. അവരുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ കാണിച്ച അതേ ഉന്‍മേഷം നമ്മള്‍ കാണിക്കണം.
ക്യാംപിനുള്ളവര്‍ വീടുകളിലേക്ക് തിരിച്ചുപോകുന്നവര്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഒരുപാട് മാലിന്യ ജലവും വീടുകളിലേക്ക് കയറിയിട്ടുണ്ട്. അവിടെ രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കരുതലോടെ ചെയ്യണം. പകര്‍ച്ച വ്യാധികളും ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങണം. ഒന്നുമുണ്ടാകില്ല. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
Mammootty support to Kerala flood