ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകറെ സന്ദർശിച്ച് മമ്മൂട്ടിയും സുൽഫത്തും

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മമ്മൂട്ടി. അദ്ദേഹത്തന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകറെ സന്ദർശിച്ചിരിക്കുകയാണ് നടൻ. ഭാര്യ സുൽഫത്തിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിം​ഗിനായി ഡൽഹിയിലെത്തിയതായിരുന്നു നടൻ.

ഉപരാഷ്‌ട്ര വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. ജോൺ ബ്രിട്ടാസ് എം.പിയും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് ചിത്രങ്ങളെല്ലാം പങ്കുവെച്ചിരിക്കുന്നത്. ഉപരാഷ്‌ട്രപതിയും ഭാര്യ സുദേഷ് ധൻകറും ചേർന്നാണ് താരത്തെയും ഭാര്യയെയും സ്വീകരിച്ചത്. ഉപരാഷ്‌ട്രപതിയെ മമ്മൂട്ടി ഷാൾ അണിയിച്ചു. സുൽഫത്ത് രാഷ്‌ട്രപതിക്കും ഭാര്യ സുദേഷ് ധൻകറിനും ഉപഹാരവും സമ്മാനിച്ചു.

വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മ​​ഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. നയൻതാരയാണ് നായികയായി എത്തുന്നത്. മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

Vijayasree Vijayasree :