കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തി, മലയാളികളുടെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് മമ്മൂട്ടി. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട് മമ്മൂട്ടിയ്ക്ക്, അത് പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. എന്നാൽ എന്നാൽ ഇതുവരെയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടില്ല. എന്നാൽ മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സമയത്ത് ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ്.
നാല് പതിറ്റാണ്ടായി നടന്നുകൊണ്ടിരിക്കുന്ന കരുത്തായ രണ്ട് കാലുകളാണ് മലയാള സിനിമയിലെ മമ്മൂട്ടിയും മോഹൻലാലും. കൂടാതെ അവരോടൊപ്പം നടന്നെത്തിയ സുരേഷ് ഗോപിയും. അവർക്ക് ചുമ്മാതെ ആരും എടുത്ത് കൊടുത്തതല്ല ഈ പദവിയും പ്രശസ്തിയുമൊക്കെ. അവരുടെ കഴിവും കഠിനാധ്വാനവും കൊണ്ട് അവർ തന്നെ സ്വന്തമായി നേടിയെടുത്തതാണ്. നാല് പതിറ്റാണ്ടായി അവർ മലയാളികളുടെ മനസിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അവർ നൽകിയ സംഭാവനകൾ ചെറുതൊന്നുമായിരിക്കില്ലല്ലോ.
പ്രധാനപ്പെട്ട കാര്യങ്ങൾ വരുമ്പോൾ ഇവർ മൂന്നുപേരും പരസ്പരം ചർച്ച ചെയ്യാറുമുണ്ട്. ഇലക്ഷന് നിൽക്കും മുമ്പ് മമ്മൂട്ടിയോട് അഭിപ്രായം ആരാഞ്ഞുവെന്ന് സുരേഷ് ഗോപി തന്നെ ഈയിടെ വെളിപ്പെടുത്തിയിരുന്നല്ലോ. സഹപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ സ്നേഹം എനിക്ക് മനസിലായത് കൊവിഡ് കാലത്തായിരുന്നു. കൊവിഡ് പിടിപെട്ട് ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ എനിക്ക് ആദ്യത്തെ വിളി വന്നതും മമ്മൂട്ടിയിൽ നിന്നുമായിരുന്നു.
ഒരുപാട് വിശേഷങ്ങൾ ചോദിക്കുകയും ആശ്വസിപ്പിക്കുകയും സഹായം വേണോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് മോഹൻലാലും എന്നെ വിളിച്ചു. മമ്മൂട്ടി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും നമുക്കെല്ലാം അറിയാം. ഇങ്ങനെയുള്ള മമ്മൂട്ടിയെ രാജ്യസഭ മെമ്പറാക്കി തെരഞ്ഞെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ആഗ്രഹമുണ്ടായിരുന്നു. പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക സ്നേഹവും വാത്സല്യവുമുണ്ട്.
ഞാൻ ഇവിടെ വെളിപ്പെടുത്തുന്ന ഈകാര്യം ചിലർക്കെങ്കിലും വിശ്വാസയോഗ്യമായി തോന്നില്ല. എന്നാൽ സത്യത്തെ സ്വർണപാത്രം കൊണ്ട് മൂടിയാലും ഒരുനാൾ അത് മറനീക്കി പുറത്തുവരും. മുഖ്യമന്ത്രിയുടെ ഈ തീരുമാനം ചിലർ മണത്തറിഞ്ഞു. അതവരെ വല്ലാതെ അലോസരപ്പെടുത്തി. എന്നാലും ഈ ഓഫർ മമ്മൂട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. മമ്മൂട്ടി ഏറെ വിശ്വസിക്കുകയും സ്നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്നേഹിതർ പാർട്ടിയിൽ ഉണ്ടായിരുന്നു.
ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്‌തനായ സ്നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിൽ ഇരിക്കുകയായിരുന്നു. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാനായി മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു. എന്നാൽ മമ്മൂട്ടി ആ വിഷയത്തിൽ ശരിക്കും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് ചെയ്‌തത്. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആ സ്നേഹിതൻ ഫോൺ സംഭാഷണം സ്‌പീക്കറിലേക്ക് മാറ്റുകയായിരുന്നു.
മമ്മൂട്ടി ഇതൊന്നും അറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. എന്താണ് അദ്ദേഹം കാണിക്കുന്നത്?, അദ്ദേഹത്തിന് ഇതൊന്നും മനസിലാവുന്നില്ലേ എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. ഇത് മുഖ്യമന്ത്രി നേരിട്ട് കേൾക്കുകയും ഇതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടാവുകയും ചെയ്‌തു. മമ്മൂട്ടി പറഞ്ഞതുകേട്ട് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനുമായി.
മമ്മൂട്ടിയെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് പോലും ഇഷ്‌ടമില്ലാത്ത ആളാണ് മുഖ്യമന്ത്രി. ഒരിക്കൽ ഡൽഹിയിൽ കൈരളി ടിവിയുടെ ഒരു മീറ്റിംഗിൽ വെച്ച് ആരോ മമ്മൂട്ടിക്കെതിരെ എന്തോ പറഞ്ഞപ്പോൾ ഇരിയടാ അവിടെയെന്ന് മുഖ്യമന്ത്രി ആക്രോശിച്ചിരുന്നു. പിന്നീട് പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ല.
എന്നാൽ പിന്നീട് ഈ വിവരം മറ്റാരോ മമ്മൂട്ടിക്ക് ചോർത്തി നൽകുകയുണ്ടായി. ഉടൻ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്തിയെ കണ്ടു. ശേഷം അത്തരത്തിൽ സംസാരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പിണറായിയെ ബോധ്യപ്പെടുത്തി പ്രശ്‌നം പരിഹരിച്ച ശേഷമാണ് അവിടെ നിന്നും അദ്ദേഹം മടങ്ങിയത് എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.