കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ അച്ഛന് തന്നോടുള്ള വിരോധം… ചിരിയുണർത്തി മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ

ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടിയെ ജീവിത സഖിയാക്കിയ കഥയിലെ നായകനും നായികയുമാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രിയക്കും ചാക്കോച്ചനും 2019ൽ മകൻ ഇസ്ഹാഖ് ജനിച്ചത്. ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലും തന്റെ ശക്തി ഭാര്യ പ്രിയയാണെന്ന് തുറന്ന് പറയാൻ ഒട്ടും മടി കാണിക്കാത്ത തരാം കൂടെയാണ് നടൻ. . സിനിമയുമായി നേരിട്ട് ബന്ധമില്ലെങ്കിലും പ്രേക്ഷകർക്കിടയിൽ ചാക്കോച്ചന്റെ ഭാര്യ പ്രിയയ്ക്ക് കൈനിറയെ ആരാധകരുണ്ട്. പൊതുവേദികളിലും അവാർഡ് നിശകളിലുമെല്ലാം ഇരുവരും ഒന്നിച്ചാണ് എത്താറുള്ളത്.

ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയിൽ ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിൽക്കുന്ന കാലത്ത് ആയിരുന്നു പ്രിയയുമായിയുള്ള പ്രണയവും വിവാഹവും.ഈ പ്രണയം പ്രിയയുടെ വീട്ടിൽ പിടിക്കുകയും, അവസാനം വീട്ടുകാരുടെ സമ്മതത്തോടെ 2005 ഏപ്രിൽ രണ്ടിന് ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

ഈ പ്രണയത്തിലും വിവാഹത്തിലും തന്റെ പങ്കു വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ആനന്ദ് ടിവി അവാർഡ്‌സ് വേദിയിൽ വച്ചാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ന്നാ താന് കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

ഇദ്ദേഹത്തിന്റെ പ്രണയ സ്വപ്നം സഫലമാകുന്നതിൽ ഒരു ചെറിയ റോൾ എനിക്കും ഉണ്ടായിട്ടുണ്ട്. അതിനെ പറ്റി പിന്നീട് പറയാം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാൽ വേദിയിലെത്തിയ രമേശ് പിഷാരടി ഇക്കാര്യം വീണ്ടും എടുത്തിടുകയായിരുന്നു. എനിക്ക് അറിയാവുന്ന കഥയാണ് എന്ന് പറഞ്ഞ് പിഷാരടി പറഞ്ഞു തുടങ്ങി. ‘ചാക്കോച്ചൻ പ്രിയയുമായി പ്രണയത്തിലായ ശേഷം പ്രിയയുടെ വീട്ടിൽ ഈ പ്രേമം പിടിച്ചു. പ്രിയ പഠിക്കുന്ന കോളേജിൽ ഉദ്ഘാടനത്തിന് പോയതാണ് ചാക്കോച്ചൻ. അങ്ങനെയാണ് പ്രണയത്തിലാകുന്നത്‌’,

‘സിനിമയിൽ ഉള്ളവർ അലമ്പാണെന്നും, സ്വഭാവം നല്ലതല്ല എന്നൊക്കെ കേട്ടിട്ട് പ്രിയയുടെ അച്ഛൻ ചാക്കോച്ചന്റെ സ്വഭാവം അറിയാൻ അന്വേഷിച്ചത് മമ്മൂക്കയുടെ സുഹൃത്തായ വിശ്വംഭരനോട് ആയിരുന്നു. അദ്ദേഹം കളക്ടർ ആയിരുന്നു. പ്രിയയുടെ അച്ഛന്റെ സുഹൃത്തുമാണ് അദ്ദേഹം. അദ്ദേഹത്തോട് ചാക്കോച്ചൻ ആൾ എങ്ങനെയുണ്ട് എന്ന് ചോദിച്ചു. അന്ന് മമ്മൂക്ക നൽകിയ ഒറ്റ ഉറപ്പിന്റെ പേരിലാണ് പ്രിയയുടെ അച്ഛൻ മകളെ ചാക്കോച്ചന് കെട്ടിച്ചു കൊടുത്തത്’, രമേശ് പിഷാരടി പറഞ്ഞു.

‘ആ വിരോധം ഇപ്പോഴും പുള്ളിക്ക് എന്നോട് തീർന്നിട്ടില്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ കൗണ്ടർ. ഇത് വേദിയിലാകെ ചിരിയുണർത്തി. എന്താണ് അന്ന് ചാക്കോച്ചനെ കുറിച്ച് പറഞ്ഞതെന്ന ചോദ്യത്തിന് കുറച്ച് കള്ളങ്ങളും പറയേണ്ടി വന്നു എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘നല്ല സുന്ദരനാണ്. നല്ല പെരുമാറ്റമാണ്. വലിയൊരു നടനായി വരേണ്ട ആളാണ്. മര്യാദക്കാരനാണ്. വേറെ പ്രേമമൊന്നുമില്ല. സിനിമയിൽ പൊതുവെ നല്ല അഭിപ്രായമാണ്, അങ്ങനെ കുറെ നേരും കള്ളവും ഒക്കെ കലർത്തി ഞാൻ പറഞ്ഞു. കാര്യം നടക്കണമല്ലോ’, മമ്മൂട്ടി പറഞ്ഞു.

ഒരു വിവാഹത്തിന്റെ കാര്യത്തിൽ ദല്ലാളായി പ്രവർത്തിക്കുന്നയാൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം അൽപം കുറച്ചും കൂട്ടിയൊക്കെ പറയും. ഞാൻ അത്രയേ ചെയ്തിട്ടുള്ളുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Rekha Krishnan :