മമ്മൂട്ടിയുടെ പുത്തന്‍ ചിത്രത്തിലെ നിര്‍ണായക വിവരങ്ങള്‍ ഉടന്‍; ആകാംക്ഷയോടെ ആരാധകര്‍

കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീന്‍ ഡെന്നിസ് ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ പേര് ഉടന്‍ പുറത്ത് എത്തുമെന്ന് വിവരം. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേരാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പ്രഖ്യാപനം സംബന്ധിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണിക്കാണ് പ്രഖ്യാപനം. ഡീന്‍ ഡെന്നിസ് -മമ്മൂട്ടി ചിത്രമാണിതെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ എന്ന നിലയില്‍ ഡീനിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രത്തില്‍ ആരാധകര്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്. നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ‘റോഷാക്കി’ന് ക്യാമറ ചലിച്ചിപ്പിച്ചതും നിമിഷ് ആണ്.

‘കാപ്പ’യാണ് തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിച്ച ആദ്യ ചിത്രം. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ആണ് നിര്‍മ്മാണ കമ്പനി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ചിത്രം. ടൊവിനോ തോമസ് ആണ് നായകന്‍.

Vijayasree Vijayasree :