അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭ;സച്ചിക്ക് ആദരം അര്‍പ്പിച്ച്‌ മമ്മൂട്ടിയും മോഹന്‍ലാലും

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരം അര്‍പ്പിച്ച്‌ മമ്മൂട്ടിയും മോഹന്‍ലാലും. അകാലത്തില്‍ അണഞ്ഞു പോയ പ്രതിഭ എന്നാണ് സച്ചിയെ അനുസ്മരിച്ച്‌ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

പഠനകാലത്തുതന്നെ അമച്വര്‍ നാടകങ്ങളില്‍ സജീവമായിരുന്നു സച്ചി. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ആ സിനിമയുടെ വന്‍വിജയത്തെതുടര്‍ന്ന് പൃഥ്വിരാജ് ജോഷി ചിത്രമായ റോബിന്‍ഹുഡിന് തിരക്കഥയെഴുതി. ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്സ് എന്നിവയുമായതോടെ വാണിജ്യസിനിമ ഈ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കുപിന്നാലെയായി.
പക്ഷെ, തുടര്‍ന്നുവന്ന സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചിയും സേതുവും പിരിഞ്ഞു. തുടര്‍ന്ന് സച്ചിയുടെ പടയോട്ടമാണ് മലയാള സിനിമ കണ്ടത്. ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി സച്ചി മാറി. അതിന്റെ തുടക്കം ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു.

ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ സച്ചി സംവിധായകന്റെ കുപ്പായമിട്ടു. പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്. താരത്തിന്റെ വ്യക്തിജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് അരുണ്‍ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സിനിമ വന്‍വിജയമായി മാറി. അതേ വര്‍ഷം ഷാഫിയുടെ കോമഡി ചിത്രം ഷെര്‍ലക് ടോംസിനുവേണ്ടി സംഭാഷണരചയിതാവായി.

രണ്ടുര്‍ഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസന്‍സുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്. തിരക്കഥാകൃത്തായി നേടിയ കയ്യടികള്‍ക്കിടെ സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും റിലീസായി. അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

mammootty mohanlal sachidanandan

Vyshnavi Raj Raj :