കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയുടെ മുഖമായിരുന്നു മനസ്സിൽ ; ക്രിസ്റ്റഫര്‍ ഗംഭീര സിനിമയായിരിക്കുമെന്ന് നിര്‍മാതാവ്

മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്ര​ദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ ഗംഭീര സിനിമയായിരിക്കുമെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയുടെ മുഖമായിരുന്നു തന്റെ മനസ്സില്‍ തെളിഞ്ഞതെന്നും ആ ചിത്രം പല കാരണങ്ങള്‍ കൊണ്ട് തനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.

2018, മാളികപ്പുറം എന്നീ സിനിമകളുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തല്‍. മാമാങ്കത്തിന് ശേഷം മമ്മൂക്കയെ വച്ച് ചെയ്യാന്‍ കുറെയധികം കഥകള്‍ കേട്ടിരുന്നു. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട കഥകള്‍ അധികം വന്നിട്ടില്ല. അതില്‍ ഒരു കഥ മാത്രം വളരെയധികം ഇഷ്ടമായിരുന്നു, ക്രിസ്റ്റഫര്‍ ആയിരുന്നു അത്.

കഥ അന്ന് കേട്ടയുടന്‍ മനസ്സില്‍ വന്നത് മമ്മൂക്കയുടെ മുഖമാണ്. അത്രയ്ക്കും ഗംഭീര കഥയായിരുന്നു. എനിക്ക് പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ മമ്മൂക്കയെ വച്ച് തന്നെ ആ ചിത്രം പൂര്‍ത്തിയാക്കി. ബി. ഉണ്ണികൃഷ്ണന്‍ സര്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒരു ഗംഭീര ചിത്രമാകുമെന്നതില്‍ സംശയമില്ല”. -വേണു കുന്നപ്പിള്ളി പറഞ്ഞു.

ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ആക്ഷന്‍ ത്രില്ലറായ ചിത്രം നിര്‍മിക്കുന്നത് ആര്‍.ഡി. ഇലുമിനേഷന്‍സ് ആണ്.

AJILI ANNAJOHN :