പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്.
ഇതിനു പിന്നാലെയാണ് ഇരു നടന്മാരും ഇതിനെ കുറിച്ച് പ്രതികരിച്ചത്. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. രാജ്യത്തിന് അഭിമാനമെന്നും മമ്മൂട്ടി കുറിച്ചു.
”നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്! ” -മമ്മൂട്ടി കുറിച്ചു. മമ്മുട്ടിക്ക് പിന്നാലെ സൈന്യത്തിന് പിന്തുണയുമായി മോഹന്‍ലാലും എത്തി.
”പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിക്കൂ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയിലെ ഓരോ ധീരഹൃദയർക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളുടെ അഭിമാനത്തിന് ഊർജം പകരുന്നത്. ജയ് ഹിന്ദ്!- ” മോഹൻലാൽ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂര്‍ എന്ന് കുറിച്ചിരിക്കുന്ന കാര്‍ഡ് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് കവര്‍ ഫോട്ടോ ആക്കിയിട്ടുണ്ട്. മാത്രമല്ല നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഒപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ചും ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ചും രംഗത്ത് വരുന്നുമുണ്ട്.