പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. സിനിമ പാരമ്പര്യമുളള കുടുംബത്തിൽ നിന്ന് എത്തിയ താരം 1982 ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. മമ്മൂട്ടിക്കൊപ്പമായിരുന്നു മുകേഷിന്റെ ആദ്യ ചിത്രം. ഇരുവരും നല്ല സൗഹൃദം കാത്തുസീക്ഷിക്കുന്നവരുമാണ്. ഇപ്പോൾ ഇതാ വർഷങ്ങൾക്കുമുന്നെ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയിൽ നടന്ന രസകരമായ സംഭവം മുകേഷ് വെളിപ്പെടുത്തുകയാണ്
”കൊല്ലത്തുള്ള എന്റെ സുഹൃത്ത് ഭദ്രൻ, അവനൊരു ബുള്ളറ്റ് ബൈക്ക് വാങ്ങി. ഞാനാ ബൈക്കിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ വരുന്നത്. ബൈക്ക് കണ്ടാൽ അതെടുത്തു പുത്തൂരിലുടെ ഓടിക്കുന്ന ഒരു സ്വഭാവം മമ്മൂക്കയ്ക്കുണ്ടായിരുന്നു. അദ്ദേഹം എന്താണെങ്കിലും ഭയങ്കര സ്പീഡ് ആണ്. കാർ ആയാലും ബൈക്ക് ആയാലും. ഞാൻ ചോദിച്ചു മമ്മൂക്കക്ക് ഈ ബുള്ളറ്റ് ഓടിക്കാൻ ഒക്കെ അറിയാമോ.?. മമ്മൂക്ക ചിരിച്ചു കൊണ്ട് പറഞ്ഞു ” അത് അറിയാവുന്നത് കൊണ്ടാണ് മേള എന്ന സിനിമയിൽ മരണകിണറിൽ ബൈക്ക് ഓടിക്കുന്ന ഒരാളുടെ വേഷം കെ ജി ജോർജ് നൽകിയത്. “
ഒരു ദിവസം റൗണ്ട് അടിച്ചു, രണ്ടാമത്തെ ദിവസം റൗണ്ട് അടിച്ചു. മൂന്നാമത്തെ ദിവസം റോഡിലെ ചല്ലിയിൽ സ്കിഡ് ചെയ്തു റോഡിൽ കമഴ്ന്നടിച്ചു അദ്ദേഹം വീണു. വളരെ ചെറിയൊരു മുറിവ് അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. ചെറുതായിട്ട് ചോര വന്നു. കൊച്ചു കുട്ടികളെ പോലെ അദ്ദേഹം അവിടെ നിന്നു പൊട്ടിക്കരഞ്ഞു.
ബൈക്കിന്റെ കണ്ണാടി നോക്കി നിർത്താതെ കരഞ്ഞു കൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു . ” എടാ എനിക്കിനി സിനിമയിൽ അഭിനയിക്കാൻ പറ്റുമോ? “. നൂറു കണക്കിന് സിനിമകളിൽ അതിശക്തന്മാരായ നായകന്മാരെ അവതരിപ്പിച്ച അദ്ദേഹം ഇന്നും സിനിമകളിൽ മാസ്സ് ഡയലോഗുകൾ പറയുമ്പോൾ എനിക്ക് അന്ന് പുത്തൂരിൽ നടന്ന സംഭവത്തിന് കരഞ്ഞ മമ്മൂക്കയെ ഓർമ്മ വരും- മുകേഷ് പറയുന്നു.