കപൂർ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ഋഷി കപൂർ; അനുസ്മരിച്ച് മമ്മൂട്ടി

ഇന്ത്യൻ സിനിമയിൽ ഏറെ ആഘോഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത കുടുംബം – അത് കപൂർ കുടുംബമാണ്. രാജ്യത്ത് സിനിമ ഉണ്ടായ കാലം തൊട്ട് നാലു തലമുറകളിലായി ആ കുടുംബം പടർന്നു. ആ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് ഋഷി. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്.

രണ്ടു വർഷം മുമ്പ് ‘102 നോട്ടൗട്ട്’ എന്ന സിനിമയിൽ അമിതാഭ് ബച്ചനൊപ്പം ഋഷി അഭിനയിച്ചു തകർക്കുന്നത് കണ്ടപ്പോൾ ശരിക്കും വിസ്മയിച്ചു പോയി. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയും – കപൂർ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ഋഷിയാണ്. ഒരു സിനിമയിൽ അദ്ദേഹത്തോടൊപ്പം ഞാനഭിനയിച്ചിട്ടുണ്ട്. ധർത്തിപുത്ര എന്ന ഹിന്ദി സിനിമയിൽ. അതിൽ ഞങ്ങൾ ഒരുമിച്ച് വരുന്ന സീൻ ഉണ്ടായിരുന്നില്ല. എങ്കിലും ഋഷിയുടെ സൗഹൃദവും സ്നേഹവും നേരിട്ടനുഭവിക്കാൻ കഴിഞ്ഞു.

ആ വലിയ അഭിനേതാവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

MAMMOOTTY

Noora T Noora T :