മലയാളികളുടെ പ്രിയതാരമാണ് നടന് മമ്മൂട്ടി. പലപ്പോഴും അദ്ദേഹം ചെയ്യാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് പറയുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പഴയ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

‘ഞാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് എനിക്ക് വല്ലാത്ത ജാള്യത ആയി തോന്നാറുണ്ട്.
പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടാന്‍ പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ’, എന്നാണ് മമ്മൂട്ടി പറയുന്നത്.
താന്‍ നേരിട്ട് കൊടുക്കുന്നത് അല്ലാതെ, ഉദ്ഘാടനങ്ങള്‍ക്കും മറ്റും ലഭിക്കുന്ന തുകകള്‍ എല്ലാം തന്റെ കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും മമ്മൂട്ടി പറയുന്നു.
2016ല്‍ നടന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ മിഥുന് രമേശുമായി നടന്ന അഭിമുഖത്തില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, മമ്മൂട്ടിയെ കാണാനായി വയനാട്ടില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സെറ്റിലേക്ക് ആദിവാസി മൂപ്പന്മാരും സംഘവും കാടിറങ്ങി എത്തിയ വിശേഷങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കേരള- കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് ഇവരെത്തിയത്.
മൂപ്പന്മാരായ ശേഖരന് പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സഹോദരങ്ങള്‍ ആണ് നടനെ കാണാന്‍ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയാണ് മമ്മൂട്ടി മൂപ്പനും സംഘത്തിനും സ്വീകരണം നല്‍കിയത്. ഈ ചിത്രങ്ങളും വൈറലായിരുന്നു.
