വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻ‌കൂർ ജാമ്യം; ദിലീപിന് ആശ്വാസം !

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശരത്ത് ജി നായര്‍ക്ക് ജാമ്യം. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമാണ് ശരത്ത്. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ശരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസിലും ശരത്ത് പ്രതിയാണ്. ഈ കേസില്‍ ഇയാള്‍ നേരത്തെ ജാമ്യം നേടിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം തുടങ്ങിയ ശേഷം ശരത്തിനെ മാത്രമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസിലെ തെളിവ് നശിപ്പിച്ചുവെന്നാണ് ശരത്തിനെതിരായ ആരോപണം. തന്റെ കൈയ്യില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ദിലീപിന്റെ വീട്ടില്‍ കൊണ്ടുപോയിട്ടില്ലെന്നും ശരത് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണ സംഘത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അറിയാത്ത കേസിലാണ് പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ശരത്ത് വിശദീകരിക്കുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദുരൂഹത നിറച്ച രണ്ടു പേരാണ് വിഐപിയും മാഡവും. വിഐപി ശരത്ത് ആണ് എന്ന പേരിലും പ്രചാരണം നടന്നിരുന്നു. എന്നാല്‍ തനിക്ക് കേസില്‍ ബന്ധമില്ലെന്നും ദിലീപ് തന്റെ സുഹൃത്താണെന്നും ശരത്ത് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപിന്റെ വീട്ടില്‍ കൊണ്ടുവന്നത് ഒരു വിഐപിയാണ് എന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഇയാളെ കാവ്യമാധവന്‍ ഇക്ക എന്ന് വിളിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഇതുവരെ ആരും ഇക്ക എന്ന് വിളിച്ചിട്ടില്ലെന്നു ശരത്ത് പറയുന്നു.

ദിലീപിന്റെ വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്ന് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വധഗൂഢാലോചന കേസ് ദിലീപിനും മറ്റു പ്രതികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുകയാണ്. മെയ് 31ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇനിയും മൂന്ന് മാസം കൂടി സമയം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഒന്നര മാസം അനുവദിച്ചിരിക്കുകയാണ്. ജൂലൈ 15ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ സാങ്കേതിക തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് ടി എൻ സുരാജിന്റേയും ഫോണുകളായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.

എന്നാൽ തുടരന്വേഷണത്തിൽ നിർണായക തെളിവായ രണ്ട് ഫോണുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റേയും കൂട്ടരുടെയും ഫോണുകൾ അന്വേഷണ സംഘം പരിശോധിച്ചത്. 6 ഫോണുകളായിരുന്നു ദിലീപ് അന്വേഷണ സംഘത്തിന് കൈമാറിയത്.

എന്നാൽ കേസിൽ ഏറ്റവും നിർണായകമായ രണ്ട് ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ പ്രതികൾ തയ്യാറായിരുന്നില്ല.ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ്‌ ടി എൻ സുരാജും ഉപയോഗിച്ച ഫോണുകളാണിത്. ഇത് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ പോലീസ്. ഇവ സുരാജും അനൂപും ഒളിച്ച് വെച്ചതായ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് കണ്ടെത്താനായി വരും ദിവസങ്ങളിൽ ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തും

AJILI ANNAJOHN :