ആകാശദൂതിന് ശേഷം തിയേറ്ററിൽ വച്ച് എന്റെ കണ്ണിൽ അത്രത്തോളം ഈറനണിഞ്ഞ ചിത്രമാണ് മാളികപ്പുറം, ഇനിയും കണ്ടിട്ടില്ലാത്ത എന്റെ അയ്യപ്പനെ ഒരു നാൾ ഞാനും കാണും; ബിന്ദു കൃഷ്ണ

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം എത്തിയത്.

മാളികപ്പുറം സിനിമ കണ്ട അനുഭവം പങ്കുവച്ച് ഹൃദയാർദ്രമായ കുറിപ്പായിരുന്നു കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ സമൂഹമാദ്ധ്യമത്തിൽ ആദ്യം പങ്കുവച്ചത്. സിനിമ കാണാൻ വൈകിയതിന്റെ കാരണവും ചിത്രം കണ്ടപ്പോൾ ആകാശദൂത് ഓർമ്മവന്നതും സിനിമയിലെ കഥാപാത്രങ്ങളുടെ പ്രകടനമികവുമെല്ലാം കുറിപ്പിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ഇനിയും കണ്ടിട്ടില്ലാത്ത അയ്യനെ ഒരുനാൾ ഞാനും നേരിൽ കാണുമെന്ന വാക്കുകളോടെയായിരുന്നു കുറിപ്പ് അവസാനിച്ചത്. എന്നാൽ ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും പോസ്റ്റ് അപ്രത്യക്ഷമായി. സംഗതി സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തു.

ആരെ ഭയന്നിട്ടാണ് പോസ്റ്റ് മുക്കിയതെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന പ്രധാന ചോദ്യം. നിരവധി പേർ നേതാവിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തി. എന്നാൽ ചർച്ചകൾ പുരോഗമിക്കവെ പഴയ പോസ്റ്റുമായി വന്നിരിക്കുകയാണ് ബിന്ദു കൃഷ്ണ. ഒരിക്കൽ പിൻവലിച്ച പോസ്റ്റ് അവർ റീപോസ്റ്റ് ചെയ്യുകയാണുണ്ടായത്.

റീപോസ്റ്റ് ചെയ്ത കുറിപ്പ് കാണാം..

അത്യാവശ്യം നല്ല സിനിമകൾ അധികം വൈകാതെ കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി കാണുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ വളരെ മികച്ച അഭിപ്രായങ്ങൾ കൺമുന്നിൽ പല തവണ കണ്ടിട്ടും മാളികപ്പുറം സിനിമ കാണാൻ അൽപം വൈകി. മകന്റെ പരീക്ഷ ഉൾപ്പടെയുള്ള തിരക്കുകളാണ് സിനിമ കാണൽ വൈകിപ്പിച്ചത്. കഴിഞ്ഞ ദിവസം മകൻ ശ്രീകൃഷ്ണയ്‌ക്കൊപ്പം കൊല്ലം കാർണിവലിൽ എത്തി മാളികപ്പുറം കണ്ടു. അതുകൊണ്ടുതന്നെ മാളികപ്പുറത്തെക്കുറിച്ച് രണ്ട് വരി എഴുതണമെന്ന് തോന്നി.

വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണ് നനയിച്ച ചിത്രമായിരുന്നു ശ്രീ മുരളിയും, ശ്രീമതി മാധവിയും മത്സരിച്ച് അഭിനയിച്ച ആകാശദൂത്. വ്യക്തിപരമായി പറഞ്ഞാൽ ആകാശദൂതിന് ശേഷം തിയേറ്ററിൽ വച്ച് എന്റെ കണ്ണിൽ അത്രത്തോളം ഈറനണിഞ്ഞ ചിത്രമാണ് മാളികപ്പുറം. കല്ലു എന്ന കൊച്ചുമിടുക്കി എന്തൊരു അസാധ്യ അഭിനയമാണ് സിനിമയിലുടനീളം കാഴ്ചവച്ചിരിക്കുന്നത്. കഥാപാത്രത്തിന് ജീവൻ നൽകി അവതരിപ്പിക്കുകയായിരുന്നു കല്യാണി.
എന്റെ ബാല്യകാലത്തെ സ്വപ്നങ്ങളെ കല്ലുമോളിൽക്കൂടി, ഒരിക്കൽക്കൂടി സ്പർശിക്കാൻ കഴിഞ്ഞു എന്നൊരു തോന്നൽ. കല്ലുവും, കല്ലുവിന്റെ അച്ഛനും, പിയൂഷുമെല്ലാം ഹൃദയം കവർന്നു.
ശ്രീ ഉണ്ണി മുകുന്ദന്റെ അഭിനയം പലപ്പോഴും പ്രതീക്ഷകൾക്കതീതമായിരുന്നു. ശ്രീധർമ്മശാസ്താവിന്റെ അനുഗ്രഹവും, കല്ലുവിന്റെ സ്വപ്ന സാക്ഷാത്കാരവും, ക്ലൈമാക്സുമെല്ലാം ഹൃദയത്തെ സ്പർശിച്ചുകൊണ്ടാണ് കടന്നുപോയത്.


ശ്രീ രമേഷ് പിഷാരടിയും, ശ്രീ രൺജി പണിക്കരും, ശ്രീ മനോജ് കെ ജയനും, തുഷാരയും ഉൾപ്പടെ ചെറിയ റോളിൽ എത്തി ദൃശ്യവിസ്മയം തീർത്ത അരുൺ ആനേടത്ത് വരെ തകർത്ത് അഭിനയിച്ചിരിക്കുകയാണ്.
അയ്യപ്പസ്വാമിയെയും, വാവര് സ്വാമിയേയും, അചാരങ്ങളെയുമെല്ലാം കോർത്തിണക്കി ഗംഭീരമായകഥ ഒരുക്കിയ ശ്രീ അഭിലാഷ് പിള്ളയ്‌ക്കും, സംവിധായകൻ ശ്രീ വിഷ്ണു ശശിശങ്കറിനും, ചിത്രം നിർമ്മിച്ച ശ്രീമതി നീനാ പിൻ്റോയ്‌ക്കും, ശ്രീമതി പ്രിയാ വേണുവിനും, ഒപ്പം അണിയറയിലെ ഓരോ വ്യക്തികൾക്കും അഭിനന്ദനങ്ങൾ.
ഇനിയും കണ്ടിട്ടില്ലാത്ത എന്റെ അയ്യപ്പനെ ഒരു നാൾ ഞാനും കാണും…

Noora T Noora T :