ദിലീപിന്റെ ജാക്ക് ആന്‍ഡ് ഡാനിയേലിന്റെ ഹിന്ദി ഡബ്ബിംഗ് ലീക്കായി; ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് 15 ലക്ഷം പേര്‍

ദിലീപ്, അര്‍ജുന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ്.എല്‍. പുരം ജയസൂര്യ രചനയും സംവിധാനവും നിര്‍വഹിച്ച ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന മലയാള സിനിമയുടെ ഹിന്ദി ഡബ്ബിങ്ങ് ലീക്കായി. യു ട്യൂബില്‍ തരംഗമാകുന്നതിനിടെ ചിത്രം യുട്യൂബ് നീക്കം ചെയ്തു. ഹിന്ദി ഡബ്ബിങ്ങ് അവകാശം കൈപ്പറ്റിയ കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് ചിത്രം ഡിലീറ്റ് ചെയ്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ 15 ലക്ഷത്തിലേറെ ആളുകളാണ് ചിത്രം കണ്ടത്.

കള്ളപ്പണവും ബാങ്ക് റോബറിയും സൈന്യ സേവനത്തിന്റെ പ്രസക്തിയും പ്രമേയമായി വരുന്ന ജാക്ക് ആന്‍ഡ് ഡാനിയലിന് രണ്ടാം ഭാഗം ആവശ്യപ്പെട്ടും സൗത്ത് ഇന്ത്യന്‍ ഡയറക്ടര്‍മാരുടെ ബ്രില്യന്‍സിനെ പ്രകീര്‍ത്തിച്ചും ഹിന്ദിയിലും ഇംഗ്ലിഷിലും കമന്റുകളും നിറഞ്ഞിരുന്നു. ദിലീപിന്റെ കരിയറിലെ വേറിട്ട ചിത്രമായി ഇന്നും പ്രേക്ഷകര്‍ ആസ്വദിച്ച് കാണുന്ന സ്പീഡ് ട്രാക്ക് ആണ് എസ്.എല്‍. പുരം ജയസൂര്യയുടെ ആദ്യചിത്രം .

‘രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പതിനഞ്ച് ലക്ഷം ആളുകളാണ് കണ്ടത്. അറുന്നൂറോളം കമന്റ്‌സും. സംവിധാനം പോലെ തന്നെ മേക്കിങിലും അതീവ ശ്രദ്ധപുലര്‍ത്തുന്ന ഒരാളാണ് ഞാന്‍. വലിയ കാന്‍വാസില്‍ ചിത്രങ്ങളൊരുക്കുമ്പോള്‍ മേക്കിങ് മികച്ചതാണെങ്കില്‍ അത് ഏത് ഭാഷയിലും സ്വീകരിക്കപ്പെടും. അങ്ങനെ നോക്കുമ്പോള്‍ ഈ സ്വീകാര്യതയില്‍ ഒരുപാട് സന്തോഷം. പിന്നെ വ്യാജന്‍ നീക്കം ചെയ്തതില്‍ ചെറിയ സങ്കടവുമുണ്ട്.’എസ്.എല്‍. പുരം ജയസൂര്യ പറഞ്ഞു.

പ്രേക്ഷകരുടെ ആവശ്യപ്രകാരം ഉടന്‍ ഹിന്ദി പതിപ്പ് യൂ ട്യൂബില്‍ എത്തുമെന്നാണ് കമ്പനിയുടെ അറിയിപ്പ് . ഹിന്ദിയിലെ യുവ താരങ്ങളെ വെച്ച് റീമേക്കിന്റെ സാധ്യതകളും ഇവര്‍ അന്വേഷിക്കുന്നുണ്ട്. മഹേഷ് നാരായണന്റെ സീ യൂ സൂണ്‍ , ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ശ്രദ്ധ നേടിയപ്പോഴാണ് ജാക്ക് ആന്‍ഡ് ഡാനിയലിന്റെ ഈ അപ്രതീക്ഷിത പെര്‍ഫോമന്‍സ്.

newsdesk :