ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ലുസിസിയില്‍ ചേരാമായിരുന്നു, ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്; ഡബ്ലുസിസിയെ പ്രശംസിച്ച് ഹരീഷ് പേരടി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്താറുണ്ട്. ഇപ്പോഴിതാ ഡബ്ല്യൂസിസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.

‘പെണ്‍ സൈന്യത്തിന് അഭിവാദ്യങ്ങള്‍…ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ലുസിസിയില്‍ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദര്‍ഭം …ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറക്കുന്നതെന്തേ?…’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

വനിതാ കമ്മീഷനുമായി ഡബ്യൂസിസി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു നടന്റെ പ്രതികരണം. ഇന്ന് രാവിലെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ റിപ്പോര്‍ട്ട് പുറത്തുവിടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡബ്ല്യൂസിസി ഇന്ന് കമ്മീഷനെ കണ്ടത്.

എന്നാല്‍ സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാന്‍ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷന്‍ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിശദീകരണം.

Vijayasree Vijayasree :