മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ കിലുക്കം ചിത്രത്തിന്റെ ഒരു രംഗത്തില്‍ പരിക്ക് പറ്റിയിട്ടും അഭിനയിച്ച് തകര്‍ത്ത ജഗതിയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
കിലുക്കത്തിന്റെ മുപ്പതാം വാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച അറിയാക്കഥകള്‍ പുറത്തു വരുന്നത്. രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതി അവതരിപ്പിക്കുന്ന കഥാപാത്രം നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടി ഉണ്ടായിരുന്നു. രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി.
എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല. വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത് എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കിലുക്കത്തിന്റെ വിജയത്തില്‍ പ്രധാനമായത് മോഹന്‍ലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണ്.
മോഹന്‍ലാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. ‘ഊട്ടിപ്പട്ടണം’ ഗാനത്തിലെ മോഹന്‍ലാല്‍ ട്രെയിനിനു മുകളില്‍ നിന്നും ഡാന്‍സ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ലൈന്‍ കമ്പിയില്‍ തട്ടാതെ രക്ഷപ്പെട്ടതിനെ കുറിച്ചാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. തിയേറ്ററുകളില്‍ ചിരി പടര്‍ത്തി 300 ഓളം ദിവസം ഓടിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് കിലുക്കം. ഇന്നസെന്റ്, തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.