തമിഴ് ജനതയെ വേദനിപ്പിക്കണമെന്ന ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ഈ അനിയനോട് ക്ഷമിക്കുക; ചെന്നൈ എക്‌സ്പ്രസില്‍ രോഹിത് ഷെട്ടിയെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് അല്‍ഫോന്‍സ് പുത്രന്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോഴിതാ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്‌പ്രെസ് എന്ന ചിത്രത്തിലെ തമിഴ് ഭാഷ പ്രയോഗത്തോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍.

അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍:

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്പ്രസ് എന്ന സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എന്നാല്‍ തമിഴ് ജനതയെ വേദനിപ്പിക്കണമെന്ന ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശങ്കര്‍ സാറിന്റെ പാട്ടുകളില്‍ നിന്നും ആക്ഷന്‍ രംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയത്.

അതിനാല്‍ അന്നത്തെ എന്റെ കമന്റില്‍ ഞാന്‍ ഖേദിക്കുന്നു. ഇപ്പോള്‍ സിങ്കം രണ്ടാം ഭാഗത്തെ കുറിച്ചു നല്ലൊരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. ആ രംഗം എന്നെ കരയിപ്പിച്ചു. അമ്മക്ക് മുന്നില്‍ നായകന്‍ തോറ്റുപോകുന്ന ആ രംഗം എനിക്ക് ഒരുപാട് ഇഷ്ടമായി.

എന്റെ സിനിമാ ജീവിതത്തില്‍ അതുപോലുള്ള ഒരു രംഗം ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ചിന്തയും അത് നടപ്പിലാക്കിയ രീതിയിലും താങ്കളോട് ബഹുമാനം തോന്നുന്നു. താങ്കളുടെ മിക്ക സിനിമകളും എനിക്ക് ഇഷ്ടമാണ്. ഗോല്‍മാല്‍ സീരീസ്, സിംഗം സീരീസ്, സിംമ്പ. ഇപ്പോള്‍ സൂര്യവന്‍ഷി സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഈ അനിയനോട് ക്ഷമിക്കുക.


Vijayasree Vijayasree :