നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് യുപി സര്‍ക്കാര്‍; പ്രഖ്യാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ

തന്റെ ബിജെപി ബന്ധം തുറന്ന് പറഞ്ഞിട്ടുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍. ഒരു ജില്ല ഒരു ഉല്‍പന്നം എന്ന പരിപാടിയുടെ അംബാസഡറായാണ് കങ്കണയെ നിയമിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 75 ജില്ലകളില്‍ പരമ്പരാഗത ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി യുപി സര്‍ക്കാര്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാം മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് ഉപയോഗിച്ച വെള്ളി നാണയം മുഖ്യമന്തി കങ്കണയ്ക്ക് സമ്മാനിച്ചു. കങ്കണയെ അയോധ്യയിലേക്ക് ക്ഷണിക്കുകയും ശ്രീരാമന്റെ അനുഗ്രഹം തേടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വീഡിയോയും കങ്കണ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജിയുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ അതിയായ സന്തോഷം തോന്നുന്നു.

ഊര്‍ജ്ജസ്വലനായ, ആത്മാര്‍ത്ഥയുള്ള, വ്യക്തിപരമായി പ്രചോദനം നല്‍കുന്നയാളുമാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയനുമായ നേതാക്കളില്‍ ഒരാളുമായി സംവദിക്കാനായത് അംഗീകാരമായി കാണുന്നു’. കങ്കണ കുറിച്ചു. രാമനെപ്പോലെ തപസ്വിയായ രാജാവാണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഭരിക്കുന്നതെന്നും ആ ഭരണം തുടരട്ടേയെന്നും കങ്കണയുടെ കുറിപ്പില്‍ പറയുന്നു.

Vijayasree Vijayasree :