ലോകമറിയുന്ന ഗായകന്റെ ജാതിയും മതവും പരസ്യമായതിനാല്‍ ഗുരുവായൂരില്‍ പ്രവേശനമില്ല.., സെലിബ്രറ്റി അല്ലാത്ത എത്ര അന്യമതസ്ഥര്‍ ഇതിനോടകം ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയിട്ടുണ്ടാകും…!? മൂകാംബികയിലും ശബരിമലയിലുമില്ലാത്ത വിവേചനം ഗുരുവായൂരില്‍ മാത്രം

60 വര്‍ഷങ്ങളായി മലയാളികളെയും സംഗീത ആസ്വാദകരെയും ശബ്ദത്തിലൂടെ കീഴ്പ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ്. ആ മാന്ത്രിക ശബ്ദത്തില്‍ ലയിച്ചു പോവാത്തവരായി ആരുമുണ്ടാകില്ല. പകരം വെയ്ക്കാനില്ലാത്ത ആ വ്യക്തിത്വം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായികൊണ്ടിരിക്കുകയാണ്. കാരണം വേറൊന്നുമല്ല.., വര്‍ഷങ്ങളായി നടക്കുന്ന ചര്‍ച്ചതന്നെയാണ്.

മതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ക്ഷേത്രാരാധനയില്‍ വിശ്വസിക്കുകയും മൂകാംബികയില്‍ സംഗീതാര്‍ച്ചനയും ശബരിമലയില്‍ ക്ഷേത്ര ദര്‍ശനവും നടത്തി വരാറുള്ള യേശുദാസിന്റെ ദുരുവായൂര്‍ ക്ഷേത്ര ദര്‍ശനമാണ് വിഷയം. ഇതിനു പിന്നാലെ അന്യമതസ്ഥര്‍ക്ക് മുന്നില്‍ അടച്ചിട്ടിരിക്കുന്ന ക്ഷേത്ര വാതിലുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

അതേസമയം, ഈ വിഷയം സമൂഹം ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിക്കണമെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ക്ഷേത്ര തന്ത്രിയാണ് നിലപാടെടുക്കേണ്ടതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസും പ്രതികരിച്ചു. ക്ഷേത്രാചാരങ്ങളില്‍ തന്ത്രിയുടെ നിലപാടാണ് ദേവസ്വം ഭരണ സമിതിയുടേതെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടാകട്ടെ അഭിപ്രായം പറഞ്ഞിട്ടുമില്ല.

ഈ വിഷയം യേശുദാസിന്റെ പിറന്നാളിനോ അദ്ദേഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിശേഷദിവസമോ മാത്രം ചര്‍ച്ച ചെയ്താല്‍ തീരുന്നതല്ല. വര്‍ഷങ്ങളായി ഇതു തന്നെയാണ് നടത്തി വരുന്നതും. ആ ദിവസത്തിന്റെ പ്രത്യേകത കഴിയുന്നതു പോലെ തന്നെ ഈ വാര്‍ത്തയുടെയും പ്രസക്തി ഇല്ലാതാകുന്നു. നമ്മുടയെല്ലാം കാഴ്ചപ്പാടുകളുകളും ചിന്താഗതികളുമെല്ലാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മനുഷ്യന്‍ സൃഷ്ടിച്ച ജാതി, മതം എന്ന അതിര്‍വരമ്പുകള്‍ക്കുമപ്പുറം യേശുദാസ് എന്ന മനുഷ്യനെ ആരും കാണുന്നില്ല. അദ്ദേഹത്തിന്റെ ജാതിയാണ് മുന്നിലെ പ്രധാന പ്രശ്നം.

ആര്‍ക്കും ഏത് മതത്തിലും വിശ്വാസിക്കാം, പ്രാര്‍ത്ഥിക്കാം എന്നിരിക്കെ യേശുദാസ് എന്നൊരു ഗായകനോട് കാണിക്കുന്ന ഈ വേര്‍തിരിവ് സ്വയം പ്രബുന്ധ കേരളമെന്ന് വിശേഷിപ്പിക്കുന്നവരുടെ പ്രശ്നം തന്നെയാണ്. യേശുദാസിനെ പോലെ തന്നെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കണമെന്നും ‘ഗുരുവായൂരപ്പന്‍’ എന്ന ആ രൂപത്തെ ഒന്ന് കാണണമെന്നും ആഗ്രഹിക്കുന്ന അന്യമതസ്ഥില്‍പ്പെട്ട എത്രയെത്ര സാധാരണക്കാരുണ്ടാകും.

ഈ അവസരത്തില്‍ കൃഷ്ണന്റെ പടം വരയ്ക്കുന്ന മുസ്ലീം പെണ്‍കുട്ടിയായ ജസ്‌ന സലീമിനെയും പരാമര്‍ശിക്കേണ്ടതായിട്ടുണ്ട്. മുസ്ലീം സമുദായത്തില്‍ ജനിച്ചിട്ടും കണ്ണനോടുള്ള കടുത്ത ആരാധന കാരണം വരച്ചു കൂട്ടിയത് ആയിര കണക്കിന് കൃഷ്ണന്റെ ചിത്രങ്ങളാണ്. അതില്‍ ചിലത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനും ജസ്‌നയ്ക്കായി. മുസ്ലീങ്ങള്‍ക്ര് പേരുദോഷം കേള്‍പ്പിക്കാനുണ്ടായ വ്യക്തിയാണ് താനെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് ജസ്‌ന തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അവരുടെ കഴിവിനെ അംഗീകരിക്കാതെ കലയ്ക്കും മീതെ മതം വളര്‍ന്നു എന്ന് വേണം ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത്.

യേശുദാസ് ലോകമെമ്പാടും അറിയപ്പെടുന്ന ഒരു പ്രമുഖ ഗായകന്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ ജാതിയും മതവുമെല്ലാം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അന്യമതസ്ഥില്‍പ്പെട്ട എത്രയാളുകള്‍ ഇതിനോടകം തന്നെ ക്ഷേത്ര സംന്ദര്‍ശനം നടത്തിയിട്ടുണ്ടാകും എന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ?

മതം തിരിച്ചറിയുന്നതിനുള്ള വേഷവിധാനങ്ങളോ അടയാളങ്ങളോ ഒന്നുമില്ലാതെ എത്രയെത്ര ആളുകള്‍ ഗുരുവായൂരപ്പനെ കണ്ട് മടങ്ങിയിട്ടുണ്ടാകും. ഇല്ല എന്ന് ആര്‍ക്കും തറപ്പിച്ചു പറയുവാന്‍ കഴിയില്ല. എന്തായാലും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടല്ല ഇതുവരെയും ക്ഷേത്ര പ്രവേശനം നടന്നിട്ടുള്ളത്. ഒരാള്‍ക്ക് ഇഷ്ടപ്പെട്ട അല്ലെങ്കില്‍ വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കുവാനും പ്രാര്‍ത്ഥിക്കാനുമുള്ള അവകാശം തട്ടിയെടുക്കാന്‍ ആര്‍ക്കും ആകില്ലല്ലോ.

പഴയകാലഘട്ടില്‍ ചില ഹൈന്ദവക്ഷേത്രങ്ങള്‍ ചില അന്യമസ്ഥരില്‍പ്പെട്ടവര്‍ തകര്‍ത്തതിനു പിന്നാലെയാണ് ഇത്തരത്തിലൊരു ‘ആചാരം’ ഒരുത്തിരിഞ്ഞു വന്നിരിക്കുന്നത്. എന്നാല്‍ കാലം ഇന്ന് ഒരുപാട് മാറി. ഗുരുവായൂരപ്പനെ മനസില്‍ കണ്ട് അദ്ദേഹം പാടിയ ഗാനങ്ങളും.., ചെറുപ്രാണികള്‍ക്ക് വരെ സാധ്യമായ ക്ഷേത്ര സന്ദര്‍ശനം എന്ന താനും ഒരു പ്രാണിയായി ജനിച്ചിരുന്നെങ്കില്‍ ലഭിച്ചേനേ എന്ന് അദ്ദേഹം പറയുമ്പോള്‍ ആ മനസിലെ വേദനയും നിരാശയും കണ്ടില്ലെന്ന് നടിക്കാന്‍ ഏറെ പ്രയാസമാണ്. മൂകാബികയിലും ശബരിമലയിലും പ്രവേശിക്കുന്ന യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം എന്തിന് തടയുന്നു എന്നതാണ് പ്രധാന ചോദ്യം. ഈ വിഷയം ഇനിയും പ്രസക്തി നഷ്ടപ്പെട്ട് ചര്‍ച്ചകള്‍ അവസാനിച്ച് ഒരു മൂലയില്‍ ഒതുങ്ങിപ്പോകരുത്.

Vijayasree Vijayasree :