സിനിമയെന്ന തൊഴിലിടത്തില്‍ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ലിംഗ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്ത, എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം; സിനിമാ മേഖലയില്‍ എല്ലാ വിധത്തിലുമുള്ള സുരക്ഷയും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡബ്ല്യുസിസി

തൊഴിലിടങ്ങള്‍ വൃത്തിഹീനവും, പ്രൊഫഷനലും അല്ലാതാകുന്ന സാഹചര്യങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടേക്ക് തന്നെ നടക്കാന്‍ ആണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സിനിമാ മേഖലയില്‍ എല്ലാ വിധത്തിലുമുള്ള സുരക്ഷയും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞ് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ് വ്യക്തമാക്കിയത്.

കുറിപ്പ്:

സിനിമയെന്ന മാധ്യമത്തെ ഹൃദയത്തോട് ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും. ആക്ഷനും കട്ടിനും ഇടയില്‍ സംഭവിക്കുന്ന ജീവന്‍ തുടിക്കുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്…അമൂല്യമാണ്! ചിരിയുടെയും കണ്ണീരിന്റെയും പല ഭാവങ്ങളിലൂടെ പ്രേക്ഷകരെ യാത്ര ചെയ്യിപ്പിക്കുന്ന ഈ സ്വപ്നതുല്യമായ മാധ്യമത്തോട് ഞങ്ങള്‍ക്ക് ഒടുങ്ങാത്ത സ്നേഹമാണ് പ്രതിബദ്ധതയാണ്.

‘മലയാള സിനിമ’ കണ്ടു വളര്‍ന്ന പ്രേക്ഷകരെന്ന നിലയിലും, വ്യത്യസ്ത രീതികളില്‍ അതിന്റെ ഭാഗമാകുന്നവര്‍ എന്ന നിലയിലും, ഈ ഒരു മാധ്യമത്തോടൊപ്പം ഇനിയും ഏറെ ദൂരം സഞ്ചരിക്കണം എന്ന് തന്നെയാണ് സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹിക്കുന്നത്… അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്.

സിനിമയെന്ന തൊഴിലിടത്തില്‍ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ലിംഗ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്ത, എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

നമ്മുടെ തൊഴിലിടങ്ങള്‍ വൃത്തിഹീനവും, പ്രൊഫഷനലും അല്ലാതാകുന്ന സാഹചര്യങ്ങളില്‍, പ്രായോഗികമായ തീരുമാനങ്ങളിലൂടെ അതു പരിഹരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ടേക്ക് തന്നെ നടക്കാന്‍ ആണ് ഈ മാധ്യമത്തിന്റെ പല കണ്ണികളായ ഓരോരുത്തരും ശ്രമിക്കുന്നത്. നന്ദി!

Vijayasree Vijayasree :