ഗായകനായും നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിനീത് ശ്രീനിവാസന്. താരം സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഹൃദയത്തിന്റെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണ പുറത്തിറക്കാനുള്ള തീരുമാനം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഹൃദയത്തിലെ ഗാനങ്ങള്‍ കേള്‍ക്കാനായി പുതിയ ടേപ്പ് റെക്കോര്‍ഡര്‍ വിനീത് വാങ്ങിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഞാന്‍ എന്റെ കാസറ്റ് പ്ലേയര്‍ യുബേയില് നിന്നുമാണ് വാങ്ങിയത്. കടല്‍ കടന്നു വരുന്നതിനാല്‍ ഇറക്കുമതി തീരുവയും ഉണ്ട്. നിരവധി ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ ആല്‍ബം കാസറ്റില്‍ ഇറക്കുവാന്‍ തുടങ്ങി. ഫിസിക്കല്‍ കോപ്പികളോടുള്ള താത്പര്യം ലോകം എമ്പാടും വളരുകയാണ്.
തിയേറ്റര്‍ റിലീസ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്ന ശേഷം സിനിമയിലെ ഗാനങ്ങള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് അറിയിക്കാം. നിങ്ങളുടെ പഴയ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കിയെടുക്കുക. സെക്കന്റ് ഹാന്‍ഡ് വാക്ക്മാന് വാങ്ങുക. സാധ്യമെങ്കില്‍ പുതിയത് വാങ്ങുക. എല്ലാവരുടെയും പ്രാര്‍ത്ഥനകളില്‍ ഞങ്ങളെയും ഓര്‍ക്കുക എന്നും വിനീത് പറഞ്ഞു.
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്.
