തനിക്ക് തെറ്റായിട്ടും ശരിയായിട്ടും തോന്നുന്ന ഒരു കാര്യം അത് രാഷ്ട്രീയമാണെങ്കിലും താന്‍ ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ട്..; തുറന്ന് പറഞ്ഞ് വിനായകന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് വിനായകന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ തനിക്ക് തെറ്റായിട്ടും ശരിയായിട്ടും തോന്നുന്ന ഒരു കാര്യം അത് രാഷ്ട്രീയമാണെങ്കിലും താന്‍ ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ടെന്ന് പറയുകാണ് വിനായകന്‍.

ഇന്നലെ തിയേറ്ററുകളില്‍ എത്തിയ പട ചിത്രത്തിന്റെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷമാണ് വിനായകന്റെ പ്രതികരണം. 1996ല്‍ അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാര്‍ത്ഥ സമരത്തെ ആസ്പദമാക്കി കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പട. ഇടത് വലത് രാഷ്ട്രീയം ഒന്നുമില്ല, ഇത് മനുഷ്യന്റെ അവസ്ഥയെ കുറിച്ച് പറയുന്ന ഒരു സിനിമയാണ്. അതില്‍ ഇടതും വലതുമൊക്കെ വരുമായിരിക്കാം. താന്‍ എല്ലാ കൂട്ടത്തിലുമുള്ള ആളാണ്.

തനിക്ക് തെറ്റായിട്ടും ശരിയായിട്ടും തോന്നുന്ന ഒരു കാര്യം, അത് ഏത് രാഷ്ട്രീയമാണെങ്കിലും ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ട്. സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്നതും അത്തരത്തില്‍ ഒരു പ്രശ്‌നത്തെ കുറിച്ചാണ്. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ഇത്തരമൊരു വിഷയത്തെ കുറിച്ച് നമ്മളെ ചിന്തിപ്പിച്ചത് സംവിധായകന്റെ നല്ല മനസ് എന്നാണ് വിനായകന്‍ പറയുന്നത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി രവി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലു പേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് പട സിനിമയുടെ ഇതിവൃത്തം.

Vijayasree Vijayasree :