തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് വിക്രം. വിക്രമിന് മാത്രമല്ല അദ്ദേഹത്തിന്റെ മകന്‍ ധ്രുവ് വിക്രമിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മകനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിക്രം. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി എത്തുന്ന മഹാന്‍ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് താരം.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് വിക്രമും മകന്‍ ധ്രുവും നായകന്മാരായി എത്തുന്ന ചിത്രമാണ് മഹാന്‍. ഫെബ്രുവരി 10ന് പ്രൈം വീഡിയോയില്‍ മഹാന്‍ പ്രീമിയര്‍ ചെയ്യും. ലളിത് കുമാര്‍ നിര്‍മ്മിച്ച ആക്ഷന്‍-പാക്ക് ഡ്രാമയായാണ് ചിത്രം എത്തുന്നത്.
വിക്രത്തിന് പുറമെ ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രന്‍ തുടങ്ങിയ വമ്പന്‍ താരനിരയും മഹാനില്‍ അണിനിരക്കുന്നുണ്ട്. ‘ധ്രുവിനൊപ്പമുള്ള ആദ്യ സിനിമയായിരുന്നു. അതിനാല്‍ തന്നെ അവന്‍ നന്നായി വരണം എന്ന ആഗ്രഹത്തില്‍ അവന്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞ് കൊടുക്കണം എന്നൊക്കെ കരുതിയാണ് പോയത്. അവിടെയെത്തി അവന് ഞാന്‍ എന്തെങ്കിലും പറഞ്ഞ് കൊടുക്കുമ്പോഴേ അവന്‍ പറയും ‘അപ്പാ… എനിക്ക് എങ്ങനെ ചെയ്യണമെന്ന് അറിയാമെന്ന്.
ഇപ്പോള്‍ അവനോട് സംസാരിക്കുമ്പോള്‍ പോലും നമ്മള്‍ രണ്ട് വട്ടം ആലോചിക്കണം. അത് മോളോടായാലും അങ്ങനെ തന്നെയാണ്. കാരണം ജനറേഷന്‍ ഗ്യാപ്പ് എന്ന സംഭവം വന്നിട്ടുണ്ട്. കാര്‍ത്തിക്ക് വന്ന് കഥ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ ത്രില്ലിങ്ങായിരുന്നു.
അച്ഛന്റേയും മകന്റേയും കഥാപാത്രങ്ങള്‍ ഒരുപോലെ മനോഹരമാക്കി ഒരേ പ്രാധാന്യത്തോടെ ചെയ്യണമെന്ന നിര്‍ബന്ധത്തോടെയാണ് സിനിമ ചെയ്തതെന്ന് കാര്‍ത്തിക്ക് കഥ പറയാന്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. അത് കാര്‍ത്തിക്കിന്റെ സ്‌ക്രിപ്റ്റില്‍ വ്യക്തവുമാണ്’.