വിജയ് സേതുപതി പൊതുജനമധ്യത്തില്‍ അവഹേളിച്ചു, നടന്റെ കൂട്ടാളി വധഭീക്ഷണി മുഴക്കി; വിജയ് സേതുപതിക്കെതിരെ സമന്‍സ് അയച്ച് ചെന്നൈ മെട്രോപോളിറ്റന്‍ കോടതി

തമിഴ് നടന്‍ മഹാഗാന്ധിയുടെ പരാതിയില്‍ നടന്‍ വിജയ് സേതുപതിക്കെതിരെ സമന്‍സ് അയച്ച് ചെന്നൈ മെട്രോപോളിറ്റന്‍ കോടതി. നവംബര്‍ 2 ന് ബെംഗളൂരു ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന സംഘര്‍ഷത്തോട് അനുബന്ധിച്ചാണ് മഹാഗാന്ധി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

വിമാനത്താവളത്തില്‍ വെച്ച് സേതുപതി തന്നെ പരിഹസിച്ചുവെന്നും അവഹേളിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. വിജയ് സേതുപതിയെ അനുഗമിച്ച പാസ്റ്റര്‍ ജോണ്‍സണ്‍ തന്നെ മര്‍ദ്ദിച്ചുവെന്നും മഹാഗാന്ധി പറയുന്നു. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിയെ താന്‍ അഭിനന്ദിക്കാനാണ് ചെന്നതെന്ന് മാഹാഗാന്ധി പറയുന്നു.

സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് വിജയ് സേതുപതിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അഭിനന്ദിച്ച തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് താരം നടത്തിയത്. വിജയ് സേതുപതിക്ക് താക്കീത് നല്‍കിയ ശേഷം പുറത്തിറങ്ങിയ തന്നെ കൂട്ടാളിയായ ജോണ്‍സണ്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആക്രമിച്ചു. ജോണ്‍സണ്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.

വിമാനത്താവളത്തിലെ ബഹളവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ സേതുപതി പറഞ്ഞത് താന്‍ ഒരു മദ്യപാനിയാണെന്നും അദ്ദേഹത്തെ ആക്രമിച്ചുവെന്നുമാണെന്നും മഹാഗാന്ധി പറയുന്നു.

കുറ്റാരോപിതരായ വിജയ് സേതുപതി, ജോണ്‍സണ്‍ എന്നിവരെ സെക്ഷന്‍ 294 (ബി) (പൊതു സ്ഥലത്തോ സമീപത്തോ അശ്ലീലവാക്കുകള്‍ പറയല്‍), 323 (സ്വമേധയാ വേദനിപ്പിക്കല്‍), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 506 (ഐ) എന്നീ വകുപ്പുകള്‍ പ്രകാരം വിചാരണ ചെയ്യാന്‍ പരാതിയില്‍ അഭ്യര്‍ത്ഥിക്കുന്നു.

Vijayasree Vijayasree :