തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ പുതിയ ബിസിനസ് സംരംഭവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്‌സിനാണ് താരം തുടക്കമിട്ടിരിക്കുന്നത്. ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്ന് പേരിട്ടിരിക്കുന്ന മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ സെപ്റ്റംബര്‍ 24ന് പ്രവര്‍ത്തനം തുടങ്ങും.
സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം. തന്റെ അമ്മയ്ക്ക് ജന്മദിനസമ്മാനമായി തീയേറ്റര്‍ സമര്‍പ്പിക്കുകയാണെന്നും വിജയ് പറയുന്നു. തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലമാണ് മഹ്ബൂബ് നഗറെന്നും അവിടെയുള്ളവര്‍ക്കുള്ള പ്രത്യേക സമ്മാനമാണിതെന്നും വിജയ് വ്യക്തമാക്കുന്നു.
ലിഗര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയില്‍ ആയതിനാല്‍ തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ വിജയ്ക്ക് പങ്കെടുക്കാനാവില്ല. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തീയേറ്റര്‍ നിര്‍മിച്ചത്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാര്‍ജിച്ച നടനാണ് വിജയ് ദേവരകൊണ്ട.
ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേള്‍ഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലിഗറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സും പുരി കണക്ട്‌സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.