ഞാന്‍ എന്റെ അച്ഛനെ വിശ്വസിക്കുന്നു, നിങ്ങള്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോവുക; ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി വൈരമുത്തുവിന്റെ മകന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് കവി വൈരമുത്തുവിനെതിരായ ലൈംഗീക അതിക്രമ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മകന്‍ മദന്‍ കാര്‍ക്കി. ട്വിറ്ററിലൂടെയായിരുന്നു മദന്റെ പ്രതികരണം.

ഒരു കൂട്ടം ആളുകള്‍ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും നിങ്ങളുടെ അച്ഛന്‍- അമ്മമാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവര്‍ അതിനെ നിഷേധിക്കുകയും ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? ഞാന്‍ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ നിങ്ങള്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോവുക എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വൈരമുത്തു. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു. മീടു ആരോപിതനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. ഇതേ തുടര്‍ന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വൈരമുത്തുവിന്റെ തീരുമാനം.

17 സ്ത്രീകളാണ് വൈരമുത്തുവില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ആരോപിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്. തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതെതുടര്‍ന്നാണ് പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, മലയാള നടന്‍ ഹരീഷ് പേരടി വൈരമുത്തുവിനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘കാതല്‍ റോജാവേ എങ്കേ നിയെങ്കേ’ എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്പോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്…അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്‍ഡ്യയില്‍ നിയമങ്ങളുണ്ട്…നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക…നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും…പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും…

കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്…ഇതുപോലെ കൂറെ പെണ്‍കുട്ടികള്‍ ആരോപണ മുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്..ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാല്‍ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും…ഒന്‍വി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം…ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

Vijayasree Vijayasree :