വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്.., ആശംസയുമായി ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍. വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണെന്നും പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാര്‍ മലയാളത്തിന് നല്‍കുന്നത് പുതിയ സാധ്യതകളാണെന്നും വി.എ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി.എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറ്റവും കൂടുതല്‍ റിലീസിങ് സ്‌ക്രീനുകള്‍. റിലീസിന് മുന്‍പ് 100 കോടി കളക്ഷന്‍!

വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാര്‍ മലയാളത്തിന് നല്‍കുന്നത് പുതിയ സാധ്യതകളാണ്. 25 വര്‍ഷം പ്രിയേട്ടനും ലാലേട്ടനും മനസില്‍ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാര്‍. കാലാപാനി എന്ന ദൃശ്യാനുഭവം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പ്രിയേട്ടന്‍ മരയ്ക്കാറിലൂടെ നല്‍കുന്നത് എന്താകും എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു- കടല്‍ കാണാത്ത കടല്‍ സിനിമ, സാങ്കേതികതയുടെ അല്‍ഭുത സമുദ്രം തന്നെയാകും!

ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ ലാലേട്ടന്റെ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുംബൈയില്‍ നടക്കുകയാണ്. ലാലേട്ടനെ വമ്ബന്‍ ബാനറുകള്‍ പ്രതീക്ഷിക്കുന്നു. ഒടിടിയില്‍ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാര്‍ വമ്ബന്‍ വിജയമാകും. യഥാര്‍ത്ഥ ബിഗ് ബജറ്റ് സിനിമകള്‍ക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്. മലയാളത്തിന്റെ ബിഗ് സിനിമകള്‍ക്കായി ആന്റണി പെരുമ്ബാവൂര്‍ എടുക്കുന്ന മുന്‍കൈ എത്ര പ്രശംസിച്ചാലും മതിയാകില്ല. സിനിമ ഞാന്‍ തിയറ്ററില്‍ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.

Vijayasree Vijayasree :