‘കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്തി, അയ്യനെ കണ്ട് അനുഗ്രഹം വാങ്ങി’; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കോവിഡിന് ശേഷം ശബരിമല ദര്‍ശനം നടത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

ശബരിമല ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തില്‍ താരം പാടിയ ഗാനത്തിന്റെ പ്രകാശനവും താരം നടത്തി.

”കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നി. ഞാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്” എന്നാണ് താരം കുറിച്ചിരിക്കുന്നത്.

മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണ് മേപ്പടിയാന്‍. നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധായകനും.

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. മേപ്പടിയാന് വേണ്ടി താരം 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു.

Vijayasree Vijayasree :