മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന് മറുപടി കൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ് നാദിര്‍ഷ.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ മേപ്പടിയാന് എന്ന ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ പങ്കുവച്ച പോസ്റ്റിന് താഴെയാണ് നടനെ അധിക്ഷേപിച്ചു കൊണ്ട് കമന്റ് എത്തിയത്. ഇതിനു മറുപടിയാണ് നാദിര്‍ഷ എത്തിയിരിക്കുന്നത്.
ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന് എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും കാരണം അബ്ദുള്ളക്കുട്ടിയും അലി അക്ബറെന്ന രോമ സിംഹനും ഇവിടെ കണ്മുന്നില് ഉള്ളതാണല്ലോ..
ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്എസ് എന്ന ഭീകര സംഘടനയോടു സ്നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍..
കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും ഇവര്‍ക്ക് റാന്‍ മൂളുന്ന നിങ്ങളും.. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ് എന്നായിരുന്നു കമന്റ്.
ഇതിന് നാദിര്‍ഷയുടെ മറുപടി ഇങ്ങനെയായിരുന്നു; ലോകത്തു ഒരു യഥാര്‍ത്ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം..
അതേസമയം, മേപ്പടിയാന് ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടാണ് നാദിര്‍ഷ പോസ്റ്റ് പങ്കുവച്ചത്. ”മേപ്പടിയാന്’ കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം” എന്നാണ് നാദിര്‍ഷയുടെ കുറിപ്പ്.