അഭിനയിക്കുന്ന എല്ലാ സിനിമകളിലും താന്‍ കേന്ദ്ര കഥാപാത്രമാകണമെന്ന ആഗ്രഹമില്ല; പലതരം സംവിധായകരുടെ കൂടെ വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് എല്ലാ ദിവസവും വേറെ വേറെ കഥാപാത്രമായി ജീവിച്ച് വളരെ രസകരമായി മുന്നോട്ടു പോകണമെന്ന് ടൊവിനോ തോമസ്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിനയിക്കുന്ന എല്ലാ സിനിമകളിലും താന്‍ കേന്ദ്ര കഥാപാത്രമാകണമെന്ന ആഗ്രഹമില്ലെന്നാണ് ടൊവിനോ പറയുന്നത്.

നടന്‍ എന്ന നിലയില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നത്. കേന്ദ്ര കഥാപാത്രമാകാത്ത ഒരുപാട് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ടൊവിനോ പ്രതികരിച്ചു. ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്ന നിലയിലേക്ക് താന്‍ ഇപ്പോള്‍ എത്തി എന്നാണ് കരുതുന്നത്. ഓരോന്നും ചെയ്തു നോക്കാനുള്ള ഒരു സ്വാതന്ത്ര്യം തീര്‍ച്ചയായിട്ടും ഇപ്പോള്‍ എനിക്കുണ്ട്. നല്ലൊരു ടീമിനെ ലഭിക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്തു നോക്കാന്‍ നമുക്ക് പറ്റും.

താന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയുള്ള കഥാപാത്രങ്ങളാണ് വരും നാളുകളില്‍ പുറത്തിറങ്ങാനിരിക്കുന്ന വാശി, വിനീത് കുമാര്‍ ചിത്രം, വഴക്ക്, തല്ലുമാല എന്നിവയെല്ലാം. അഭിനയിക്കുന്ന എല്ലാ സിനിമകളിലും ‘എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ വേണം എന്ന് ആഗ്രഹമുള്ളയാളല്ല ഞാന്‍’. കേന്ദ്ര കഥാപാത്രമാകാത്ത ഒരുപാട് സിനിമകളില്‍ പോയ വര്‍ഷങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുമുണ്ട്. ഇനി പുറത്തു വരാന്‍ പോകുന്നതിലും അത്തരം സിനിമകളുണ്ട്. പിന്നെ, ഒരു നടന്‍ എന്ന നിലയ്ക്ക് തനിക്ക് ചെയ്യാന്‍ പറ്റുന്ന ചില നല്ല കാര്യങ്ങളുണ്ട്.

ഉദാഹരണം ചില നല്ല സിനിമകള്‍ നടക്കണമെങ്കില്‍ വിപണിമൂല്യമുള്ള നടന്മാരെ ആവശ്യമായി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ വിപണിമൂല്യം അത്തരം സിനിമകള്‍ക്കു വേണ്ടി ഉപയോഗിക്കാം. അങ്ങനെക്കൂടിയാണ് താന്‍ സിനിമാഭിനയത്തെ നോക്കിക്കാണുന്നത്. അല്ലാതെ നടന്‍ എന്ന നിലയിലുള്ള ഉയര്‍ച്ചയ്ക്കു വേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നത്.

മിന്നല്‍ മുരളി പോലെ വലിയ സിനിമകള്‍ ചെയ്‌തെന്നു കരുതി ഇനി അത്തരം വലിയ ബജറ്റ് സിനിമകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹമില്ല. ചെറിയ സിനിമകളും ചെയ്യണം. പലതരം സംവിധായകരുടെ കൂടെ വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് എല്ലാ ദിവസവും വേറെ വേറെ കഥാപാത്രമായി ജീവിച്ച് വളരെ രസകരമായി മുന്നോട്ടു പോകണം. അത്തരമൊരു ജീവിതമാണ് ഇന്ന് തന്നെ സന്തോഷിപ്പിക്കുന്നത് എന്നാണ് ടൊവിനോ പറയുന്നത്.

Vijayasree Vijayasree :