‘വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും, കോള്‍ഡ് കേസ് ടീമിന് ആശംസകളുമായി ടൊവീനോ തോമസ്

ഛായാഗ്രാഹകന്‍ തനു ബാലക് സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചു. ഇതിനോടകം തന്നെ നിരവധി നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്.

‘വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും. കോള്‍ഡ് കേസ് ടീമിന് ആശംസകള്‍’, എന്നാണ് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക. ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആണ് നിര്‍മ്മിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ.

അതേസമയം, ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ‘എനിക്ക് കോള്‍ഡ് കേസിന്റെ സ്‌ക്രിപ്പ്റ്റ് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ ഛായാഗ്രഹകനും നിര്‍മ്മാതാവുമായ ജോമോനാണ് സ്‌ക്രിപ്പ്റ്റ് അയച്ച് തന്നത്. സ്‌ക്രിപ്പ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ ജോമോനെ വിളിച്ച് ചോദിച്ചത് ഈ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്തോട്ടെ എന്നാണ്. പക്ഷെ അതെനിക്ക് ജോമോന്‍ വിട്് തന്നില്ല. പിന്നെ ഞാന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.

സ്‌ക്രിപ്പ്റ്റ് പോലെ തന്നെ തനു ബാലക് അത് വളരെ നന്നായി തന്നെ സിനിമയാക്കിയിട്ടുണ്ട്. അത് കൊണ്ട് തീര്‍ച്ചയായും നല്ലൊരു ദൃശ്യാനുഭവമായിരിക്കും. എനിക്ക് അങ്ങനെയാണ് തോന്നിയത്. കാരണം ഒരുപാട് ത്രില്ലര്‍ സിനിമകള്‍ ഉള്ളൊരു ഇന്‍ഡസ്ട്രിയാണല്ലോ നമ്മുടെത്. അതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു സിനിമയാണ് കോള്‍ഡ് കേസെന്ന് എനിക്ക് തോന്നി. പ്രേക്ഷകര്‍ക്കും അങ്ങനെ തോന്നട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

Vijayasree Vijayasree :