വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും കേരളക്കര ചര്‍ച്ച ചെയ്യുന്ന പേരാണ് പിടികിട്ടാ പുള്ളി സുകുമാരക്കുറുപ്പിന്റേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എന്ന സിനിമ റിലീസായതിനു പിന്നാലെയാണ് വീണ്ടും കുറുപ്പ് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ ചാക്കോയായി എത്തിയത് മലയാളികളുടെ പ്രിയ താരം ടൊവിനോ ആയിരുന്നു.
ഇപ്പോഴിതാ വ്യത്യസ്തമായ ഒരു പിറന്നാള്‍ ആശംസയാണ് ടൊവിനോ തോമസിനെ തേടി എത്തിയിരിക്കുന്നത്. സുകുമാര കുറുപ്പ് കൊല ചെയ്ത ചാക്കോയുടെ മകന് ജിതിന്‍ ചാക്കോയാണ് ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ചാക്കോ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരി 21ന് തന്നെയാണ് ടൊവിനോ ജനിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ചാക്കോയുടെ വേഷം ചെയ്യാന്‍ ടൊവിനോ തെരഞ്ഞെടുക്കപ്പെട്ടത് അദ്ഭുതം തന്നെയാണെന്നാണ് ചാക്കോയുടെ മകന് ജിതിന്‍ മപറഞ്ഞത്.
‘എന്റെ അച്ഛന്റെ മുപ്പത്തിയെട്ടാമത്തെ ചരമവാര്‍ഷികമാണ് ഇന്ന്. ജനുവരി 21 എന്ന ദിവസം ഓര്‍ക്കാതെ ഒരു വര്‍ഷവും കടന്നുപോയിട്ടില്ല. ജനുവരി 21ന് ഞങ്ങള്‍ പള്ളിയില്‍ പോയി അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. ആ ഒരു ദിവസം വരുമ്‌ബോള്‍ അമ്മയ്ക്ക് ഇന്നും ഒരു ഞെട്ടലാണ്. പല വിഷമഘട്ടത്തിലും അച്ഛന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.
എനിക്കിപ്പോ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അച്ഛനും മക്കളുമായുള്ള ജീവിതം ഞാനിപ്പോ ആസ്വദിക്കുന്നുണ്ട്. എന്റെ അച്ഛന്‍ ഒരു നിഷ്‌കളങ്കനും പാവത്താനുമായിരുന്നു. കുടുംബസ്‌നേഹി ആയിരുന്നു എന്നൊക്കെയാണ് ബന്ധുക്കള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. ജോലി കഴിഞ്ഞ് ഗര്‍ഭിണിയായ ഭാര്യയുടെ അടുത്തേക്ക് ഒരുപാടു പ്രതീക്ഷയോടെ മടങ്ങിവരുന്ന സമയത്താണ് മറ്റൊരാളിന്റെ ദുരാഗ്രഹത്തിന് വേണ്ടി അദ്ദേഹം ബലിയാടായത്. അച്ഛന്‍ മരിച്ചു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അമ്മയ്ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.’
‘കുറുപ്പ് എന്ന സിനിമ കണ്ടപ്പോഴാണ് അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള ധാരണ എനിക്ക് കിട്ടിയത്. സുകുമാരക്കുറുപ്പ് എന്ന ആ മനുഷ്യന്‍ ചെറുപ്പം മുതല്‍ തന്നെ ഒരു ക്രൂരനും പണത്തോട് ആര്‍ത്തിയുള്ളവനുമായിരുന്നു. ആ സിനിമ കണ്ട് തീര്‍ത്തത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. പല രംഗങ്ങളും കാണുമ്‌ബോള്‍ കണ്ണ് നിറഞ്ഞുപോയി. എന്റെ ജീവിതം മാറ്റി മറിച്ച സംഭവമാണ് കാണിക്കുന്നത്. എന്റെ അച്ഛന്‍ വീട്ടിലേക്ക് വരാന്‍ ബസ് കാത്തുനില്‍ക്കുന്നതും അവര്‍ പിടിച്ചുകൊണ്ടുപോകുന്നതും ഒക്കെ ഞാന്‍ ആലോചിച്ച് നോക്കിയിട്ടുണ്ട്.
ആ രംഗങ്ങളൊക്കെ സിനിമയില്‍ ചിത്രീകരിച്ച് കണ്ടപ്പോള്‍ എന്തെന്നറിയാത്ത മനോവികാരമായിരുന്നു. അച്ഛനെ കണ്ടിട്ടില്ലാത്ത ഞാന്‍ ടൊവിനോയെ കണ്ടപ്പോള്‍ കരഞ്ഞുപോയി. അദ്ദേഹം ആ വേഷം വളരെ നന്നായി കൈകാര്യം ചെയ്തു. അദ്ദേഹത്തെ കണ്ടിട്ട് അച്ഛനെപ്പോലെ തോന്നി എന്ന് എന്റെ ബന്ധുക്കളൊക്കെ പറഞ്ഞു. ഞാന്‍ വളരെയധികം ആരാധിക്കുന്ന ഒരു താരമാണ് ടൊവിനോ. എന്റെ അച്ഛനായി അഭിനയിച്ച അദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍ പറ്റിയാല്‍ നന്നായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.’
‘ആശ്ചര്യം തോന്നിയ കാര്യം ടൊവിനോ ജനിക്കുന്നതിന് കൃത്യം 5 വര്‍ഷം മുമ്ബ് 1984 ജനുവരി 21നാണ് അച്ഛന്‍ കൊല്ലപ്പെട്ടത് എന്ന് ടൊവിനോ തന്നെ എഴുതി കണ്ടിരുന്നു. ടൊവിനോ ജനിച്ചതും എന്റെ അച്ഛന്‍ കൊല്ലപ്പെട്ടതും ഒരേ ദിവസം തന്നെ ജനുവരി 21ന്. വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ അച്ഛന്റെ കഥ പറയാന്‍ വിധി ഒരുക്കിവച്ച താരമായിരിക്കണം ടൊവിനോ. എന്റെ അച്ഛനോട് തോന്നുന്ന അതേ ബഹുമാനവും സ്‌നേഹവും എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും ടൊവിനോയോടുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥന എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന് ജീവിതവിജയവും ദീര്‍ഘായുസും ഉണ്ടാകട്ടെ’ ജിതിന്‍ ചാക്കോ പറയുന്നു.