രണ്ടു താലിയും ഇട്ടിട്ടുണ്ട്, ഞങ്ങള്‍ക്കുവേണ്ട രീതിയില്‍ ഞങ്ങള്‍ കല്യാണം കഴിച്ചു; രണ്ടുപേരും മനസ്സുകൊണ്ട് ഇനി അറിയേണ്ടയാളുകളാണ്, രണ്ടും രണ്ടായി കണ്ടിട്ടില്ലെന്ന് ചന്ദ്ര-ടോഷ്, ഇനി ഹണിമൂണിന്…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹശേഷം ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിവാഹ ചടങ്ങുകളെ പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരു ഇന്റര്‍കാസ്റ്റ് മാര്യേജ് ആയതുകൊണ്ടുതന്നെ ഇരു മത വിഭാഗത്തിന്റെയും ചടങ്ങുകളും വിവാഹത്തിലെ പ്രത്യേകത ആയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹ ചടങ്ങുകളിലെ വ്യത്യസ്തതയെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ചന്ദ്രയും ടോഷും.

ഏറെ എക്‌സൈറ്റ്‌മെന്റിലാണ്. ഒത്തിരി ഒത്തിരി ബ്ലെസിങ്‌സ് ഉണ്ട്. ഏറെ സന്തോഷമായിരിക്കുന്നു. രണ്ട് ദിവസമായി ഓട്ടത്തിലായിരുന്നു. പ്രേക്ഷകര്‍ തന്ന സ്‌നേഹം ഇനിയും ഉണ്ടാകണം. ഞങ്ങളെ ഏറെ പിന്തുണച്ചത് പ്രേക്ഷരാണ്, അവരുടെ പിന്തുണയും സ്‌നേഹവുമാണ് കലാകാരന്മാരുടെ ഉയര്‍ച്ചയ്ക്ക് അടിസ്ഥാനം. ഞങ്ങള്‍ ചേരണം എന്നൊക്കെ പ്രേക്ഷകര്‍ പറയുമായിരുന്നു. റിയല്‍ ലൈഫില്‍ ചേര്‍ന്നു, സീരിയലില്‍ ചേര്‍ന്നിട്ടില്ല, എന്നും ഇരുവരും പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കലാരംഗത്തുനിന്നും മറ്റും അധികം ആളുകളെ വിളിക്കാനായില്ല. പരിമിതികളുണ്ടായിരുന്നു. സുഹൃത്തുക്കള്‍ നിരവധിപേരുണ്ട്. പക്ഷേ ഇങ്ങനെയൊരു അവസ്ഥയില്‍ അധികം പേരെ വിളിക്കാന്‍ കഴിഞ്ഞില്ല. ബ്രാഹ്മണ വിധിപ്രകാരം ക്രിസ്ത്യന്‍ വിധിപ്രകാരമെന്നൊക്കെയാണ് ഞങ്ങളുടെ വിവാഹത്തെ പറ്റി ചിലര്‍ വാര്‍ത്ത കൊടുത്തത്. ഞങ്ങള്‍ രണ്ട് ആചാരവും സമന്വയിപ്പിച്ചാണ് വിവാഹിതരായത്, താരദമ്പതികളുടെ വാക്കുകള്‍.

രണ്ടുപേരും മനസ്സുകൊണ്ട് ഇനി അറിയേണ്ടയാളുകളാണ്. രണ്ടും രണ്ടായി കണ്ടിട്ടില്ല. ഈ താലിവരെ രണ്ടും ഇട്ടിട്ടുണ്ട്. രണ്ട് മതാചാരവും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കസ്റ്റമൈസ്ഡ് വെഡ്ഡിങ്ങായിരുന്നു. ഞങ്ങള്‍ക്കുവേണ്ട രീതിയില്‍ ഞങ്ങള്‍ വിവാഹം കഴിക്കുകയായിരുന്നു, ഇരുവരും പറഞ്ഞു. ഹണിമൂണ്‍ പ്ലാന്‍ ചെയ്തിട്ടില്ല, ഇപ്പോള്‍ സ്വന്തം സുജാത ലൊക്കേഷനിലേക്കാണ് ഇനി പോകുന്നത്. ഹണിമൂണ്‍ പ്ലാന്‍ ചെയ്യാനുള്ള സമയം കിട്ടിയില്ല. കഴിഞ്ഞ ദിവസം വരെ ഷൂട്ടായിരുന്നു. ഇനി ഡബ്ബിങ് സ്റ്റുഡിയോയിലേക്കാണ് ഞങ്ങള്‍ പോകുന്നത്, വിവാഹ റിസപ്ഷനിടയില്‍ ടോഷും ചന്ദ്രയും വ്യക്തമാക്കിയിരിക്കുകയാണ്.

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. മാധ്യമങ്ങളെ ഒന്നും തന്നെ വിവാഹവേദിയ്ക്കടുത്തേയ്ക്ക് അടുപ്പിച്ചിരുന്നില്ല. വളരെ സ്വകാര്യമായി നടത്തിയ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പിസ്താ ഷെയ്ഡില്‍ കസവ് നൂല്‍വര്‍ക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോര്‍ഡര്‍ വരുന്ന പട്ടാണ് വിവാഹത്തിനായി ചന്ദ്ര അണിഞ്ഞത്. ടെമ്പിള്‍ സെറ്റ് ആഭരണങ്ങളും കൂടി അണിഞ്ഞാണ് ചന്ദ്ര എത്തിയത്. ടോഷ് ഓഫൈ്വറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടണിഞ്ഞ് തനി നാടന്‍ കല്യാണച്ചെക്കനായാണ് എത്തിയത്

സ്വന്തം സുജാത എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവില്‍ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ഇരുവരുടെയും പ്രണയകഥ മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

താരവിവാഹത്തിനു ശേഷം ഇരുവരും ചേര്‍ന്ന് പുതിയ സംരംഭത്തിനു തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ പ്രത്യേകിച്ചും സിനിമ സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നര്‍ ജീവിതത്തില്‍ ഒന്നിക്കുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഒരിക്കല്‍ പോലും ഒരുമിച്ചഭിനയിക്കാത്തവര്‍ സ്‌ക്രീനിലെ പ്രണയ ജോഡികള്‍ ആവുകയും ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്യുന്നവര്‍ വിരളമായിരിക്കും. അത്തരത്തില്‍ ഉള്ള രണ്ടു പേരാണ് ചന്ദ്രയും ടോഷും.

ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം v/s താരാദാസ്, കാക്കി ഉള്‍പ്പെടെയുളള മലയാള സിനിമകളില്‍ അഭിനയിച്ച ചന്ദ്രാ സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തിയത് 2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള വന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു.

Vijayasree Vijayasree :