‘ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്, ക്രിസ്തു ഇതാണോ പഠിപ്പിച്ചത്’; തന്നെ ഫേസ്ബുക്ക് കമന്റില്‍ തെറി വിളിച്ച വ്യക്തിക്ക് മറുപടിയുമായി ടിനി ടോം

നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈശോ എന്ന ചിത്രത്തെ ചൊല്ലി വിവാദങ്ങള്‍ പുകയുകയാണ്. ചിത്രത്തിന്റെ പേര് തന്നെയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈശോ എന്ന പേര് മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചിത്രത്തിന്റെ പേര് മാറ്റണം എന്നാണ് വിമര്‍ശകരുടെ ആവശ്യം.

സംഭവത്തില്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്ത എത്തിയത്. അക്കൂട്ടത്തില്‍ നാദിര്‍ഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ടിനി ടോമും രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്തുണ പ്രഖ്യാപിച്ചതിന് താരത്തിന് ഫേസ്ബുക്കില്‍ അസഭ്യ കമന്റുകള്‍ നേരിടേണ്ടി വന്നു. തന്നെ ഫേസ്ബുക്ക് കമന്റില്‍ തെറി വിളിച്ച വ്യക്തിക്ക് ടിനി ടോം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

എബ്രഹം ആരണ്‍ എന്ന യൂസറാണ് കൃസ്ത്യന്‍ മതസ്തര്‍ക്കിടയില്‍ വര്‍ഗീയ പ്രചരണം നടത്തുന്ന ‘കാസ’യുടെ ലോഗോവെച്ച, ചീത്ത അടങ്ങിയ മീം കമന്റ് ചെയ്തത്. കമന്റിന് ടിനി ടോം നല്‍കിയ മറുപടിയും അസഭ്യ കമന്റും ഉള്‍പ്പടെ താരം ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.

അസഭ്യ വര്‍ഷത്തിന് ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്. ക്രിസ്തു ഇതാണോ പഠിപ്പിച്ചത് എന്നാണ് ടിനി ടോം മറുപടി കൊടുത്തത്. ‘മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്‌കാരം കൊണ്ട് ഹിന്ദുവും മുസ്ലീങ്ങള്‍ എന്റെ സഹോദരങ്ങളുമാണ്. എനിക്ക് ഇങ്ങനയേ ജീവിക്കാന്‍ സാധിക്കു’എന്നാണ ടിനി ടോം പറഞ്ഞത്.

അതേസമയം ഈശോയ്‌ക്കെതിരെയുള്ള പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യന്‍ ആസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോറമാണ് ഹര്‍ജി നല്‍കിയത്.

ഈശോ സിനിമയ്ക്ക് ബൈബിളുമായി ബന്ധമില്ല. അത് ചിത്രത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നു. അതിനാല്‍ പരാതിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ല എന്ന് കോടതി പറഞ്ഞു. എന്തിനാണ് ഇത്തരം ഒരു വിവാദം ഉണ്ടാക്കുന്നത് എന്ന് കോടതി ചോദിച്ചു. എന്നാല്‍ വിഷയത്തില്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിക്കുമെന്ന് പരാതിക്കാര്‍ അറിയിച്ചു.

Vijayasree Vijayasree :