മീശമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണ്, വിഷമാണ്!, അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു!

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍.., പണ്ട് മലയാളികളുടെ പ്രിയ നടന്‍ തിലകന്‍ പറഞ്ഞ വാക്കുകളും നമ്മള്‍ ഓര്‍ക്കേണ്ടതായിട്ടുണ്ട്. മുമ്പ് അഭിമുഖത്തില്‍ തിലകന്‍ ദിലീപിനെ കുറിച്ചും അമ്മ എന്ന താരസംഘടനയെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദിലീപ് വിഷമാണെന്ന് അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകന്‍ അന്ന് തുറന്നടിച്ചു.

മറ്റൊരു അഭിമുഖത്തില്‍ മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്ന് തിലകന്‍ പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായി തിലകന്‍ പറയുന്നു.

ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകന്‍ ആരോപിയ്ക്കുന്നു. മലയാള സിനിമയില്‍ ഇന്നുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ നിലനില്‍പിന്റെ പ്രശ്നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിയ്ക്കുന്നത്.

തിലകന്‍ ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തില്‍ ദിലീപ് പറഞ്ഞു. വലിയവര്‍ സംസാരിക്കുമ്പോള്‍ ചെറിയവര്‍ മിണ്ടാതിരിക്കണം, തിലകന്‍ ചേട്ടന്‍ എന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ട് എന്നുമാണ് അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചിരുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന് എതിരെ കേസെടുത്തു. ഒരു ചാനല്‍ പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ മറ്റെന്നാള്‍ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ശബ്ദ രേഖ തെളിയിക്കാന്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റേയും സഹോദരന്റയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണം’ എന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് കേസ്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകളും പുറത്ത് വന്നിരുന്നു. ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐപിയുടെയും ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമായിരുന്നു. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാമായിരുന്നു.

Vijayasree Vijayasree :